പ്രയാഗ്രാജ്: ഛത്തീസ്ഗഡിൽ നിന്ന് കുംഭമേളയ്ക്ക് എത്തി തീർത്ഥാടകർ സഞ്ചരിച്ച കാർ പ്രയാഗ് രാജിൽ വെച്ചാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ 10 പേർക്ക് ജീവൻ നഷ്ടമായി, 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തീർത്ഥാടകരുമായി എത്തിയ കാർ ബസിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. മധ്യപ്രദേശിലെ രാജ്ഗഡ് സ്വദേശികളാണ് മിർസാപൂർ പ്രയാഗ്രാജ് ദേശീയപാതയിൽ വച്ചുണ്ടായ അപകടത്തിൽപ്പെട്ട ബസിലുണ്ടായിരുന്നത്.
കാർ അമിതവേഗത്തിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അർധരാത്രിയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വിശദമാക്കി. പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി വിശദമാക്കി. മരിച്ചവരുടെ മൃതദേഹങ്ങൾ സ്വരൂപ് റാണി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.