തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് പരിശീലനം അവതാളത്തിലാക്കി ഗ്രൗണ്ട് വാടകയ്ക്ക് നൽകി. വഴുതക്കാട് പൊലീസ് ഗ്രൗണ്ടാണ് ഇത്തരത്തിൽ സ്കൂൾ വിപണിയൊരുക്കുന്നതിനായി സഹകരണ സംഘത്തിന് വാടകയ്ക്ക് നൽകിയിരിക്കുന്നത്.
ഇതോടെ വിവിധ സേനകളിലായി 125 ഓളം പേരുടെ പരിശീലനമാണ് മുടങ്ങാൻ പോകുന്നത്. ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ എതിർപ്പ് വകവെക്കാതെയാണ് ഗ്രൗണ്ട് വാടകയ്ക്ക് നൽകാനുള്ള ഡിജിപിയുടെ ഉത്തരവ് എന്നാണ് ലഭിക്കുന്ന വിവരം.
ഏപ്രിൽ 4 മുതൽ ജൂൺ 6 വരെ രണ്ട് മാസത്തേക്കാണ് സ്കൂൾ വിപണിയ്ക്കായി ഗ്രൗണ്ട് അനുവദിച്ചിരിക്കുന്നത്. ഇതോടെ പ്രതിസന്ധിയിലാകാൻ പോകുന്നത് പരിശീലനത്തിനായി കാത്തിരുന്ന സേനാംഗങ്ങളാണ്.
2 മാസത്തോളം ട്രെയിനിംഗ് മുടങ്ങുന്ന സാഹചര്യം നിലവിലുള്ളതിനാൽ സേനാംഗങ്ങളെ തൃശൂരിലേക്ക് പരിശീലനത്തിന് അയക്കാനും തീരുമാനമുണ്ട്. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഇത് മൂലം സംഭവിക്കാൻ പോകുന്നത്. സ്കൂൾ വിപണിയ്ക്ക് വാടകയ്ക്ക് നൽകി കൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ് പ്രമുഖ മാധ്യമത്തിന് ലഭിച്ചു.