വിവാഹം വൈറൽ ആക്കാനായി ആളുകൾ നിരവധി വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യാറുണ്ട്. അത്തരത്തിലൊരു കാര്യം ചെയ്ത് പുലിവാല് പിടിച്ച കഥയാണ് ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിൽ നിന്നുള്ള ഈ യുവാവിന് പറയാനുള്ളത്. (The groom drives a ‘helicopter’ on the busy road for the wedding,)
വിവാഹത്തിന് ‘ഹെലികോപ്റ്ററിൽ’ എത്തിയതിനാണ് വരന് പിഴ ഇട്ടത്. 18000 രൂപയാണ് പിഴ. ഹെലികോപ്റ്ററിൽ എത്തിയതിന് എന്തിനാണ് പിഴ എന്ന് ചിന്തിക്കാൻ വരട്ടെ. ഒറിജിനൽ ഹെലികോപ്റ്റർ ആയിരുന്നില്ല. ഘോഷയാത്രയിൽ വധൂവരന്മാരെ വഹിച്ചുകൊണ്ട് യാത്ര ചെയ്തത് ഹെലികോപ്റ്റർ രൂപത്തിൽ ആക്കിയ കാർ ആണ്. ഇതാണ് വിനയായത്.
ഹെലികോപ്റ്റർ രൂപത്തിലുള്ള കാർ നിരത്തിൽ എത്തിയതോടെ ജനക്കൂട്ടം വാഹനത്തെ വളഞ്ഞു. ഒപ്പം നിൽക്കാനും സെൽഫി എടുക്കാനും ആളുകൾ തിടുക്കം കൂടിയതോടെ ട്രാഫിക് മൊത്തം താളം തെറ്റി. ഒരു മെയിൻ റോഡ് മാത്രമുള്ള നഗരമാണ് ഡിയോറി. ആൾ തിരക്ക് നിയന്ത്രിതമായതോടെ ട്രാഫിക് മൊത്തം കുളമായി. ഇതോടെയാണ് പോലീസിന് ഇടപെടേണ്ടി വന്നത്.
എന്നാൽ കാര്യങ്ങൾ അവിടംകൊണ്ടും തീർന്നില്ല. കാറിന്റെ രേഖകൾ ചോദിച്ചപ്പോൾ ഡ്രൈവറുടെ പക്കൽ പേപ്പറുകൾ ഒന്നും ഇല്ലായിരുന്നു. ഇതും കൂടിയായപ്പോൾ വൻ തുക പിഴ ചുമത്താൻ പോലീസ് തയ്യാറാവുകയായിരുന്നു. പോലീസ് അന്വേഷണത്തിൽ മഞ്ഞുകുമാർ ഗോയൽ എന്നയാളുടെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് കണ്ടെത്തി.
കുശി നഗർ ജില്ലയിലെ ഒരു വ്യക്തിയുടെ പക്കൽ ഇത്തരത്തിൽ രൂപ മാറ്റം വരുത്തിയ നിരവധി കാറുകൾ ഉണ്ടെന്നാണ് അറിയുന്നത്. വിവാഹ ചടങ്ങുകൾക്കും മറ്റുമായി കൂടിയ നിരക്കിൽ ഇത്തരം വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതാണ് ഇയാളുടെ രീതി.