പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്‌കൂള്‍ വിദ്യാർഥിനികളുടെയും കബറടക്കം ഇന്ന് നടക്കും. രാവിലെ ആറരയോടെ മൃതദേഹങ്ങൾ ആശുപത്രിയിൽനിന്ന് വീടുകളിൽ എത്തിക്കും. രണ്ടു മണിക്കൂർനേരം വീടുകളിൽ പൊതുദർശനം ഉണ്ടാകും.
തുടർന്ന് രാവിലെ 8.30-ഓടെ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവരും. 10 മണിവരെ ഇവിടെ പൊതുദർശനത്തിനുവെക്കും. പിന്നീട് കബറടക്കത്തിനായി തുപ്പനാട് ജുമാമസ്ജിദിലേക്ക് മൃതദേഹങ്ങൾ എത്തിക്കും.
അതേസമയം, കുട്ടികൾ പഠിച്ചിരുന്ന കരിമ്പ ഹയര്‍സെക്കന്‍ഡറി സ്കൂളിൽ പൊതുദർശനം ഉണ്ടായിരിക്കില്ല. വെള്ളിയാഴ്ച ആയതിനാലും നാല് മൃതദേഹങ്ങൾ മറവു ചെയ്യുന്നതിന് കൂടുതൽ സമയം വേണമെന്നതിനാലുമാണ് സ്കൂളിലെ പൊതുദർശനം വേണ്ടെന്നുവെച്ചതെന്നാണ് കുട്ടികളുടെ ബന്ധുക്കൾ പറയുന്നത്.
അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍-സജ്‌ന ദമ്പതികളുടെ മകള്‍ അയിഷ, പിലാതൊടി വീട്ടില്‍ അബ്ദുള്‍ റഫീക്ക്,-സജീന ദമ്പതികളിടെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലീം- നബീസ ദമ്പതികളിടെ മകള്‍ നിദ ഫാത്തിമ, അബ്ദുള്‍ സലാം- ഫരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറില്‍ എന്നിവരാണ് ഇന്നലെ അപകടത്തിൽ മരിച്ചത്.
വൈകുന്നേരം നാലുമണിയോടെ പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികള്‍ വീട്ടിലേക്കു മടങ്ങാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴായിരുന്നു ലോറി അപകടം. നിയന്ത്രണം വിട്ട ലോറി പാഞ്ഞുവരുന്നതു കണ്ട് ഒരു വിദ്യാര്‍ഥിനി മാത്രം ചാടിമാറി.
മറ്റു കുട്ടികളുടെ മുകളിലേക്കു ലോറി മറിയുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൂന്ന് കുട്ടികള്‍ സംഭവ സ്ഥലത്ത് വെച്ചും ഗുരുതരമായി പരിക്കേറ്റ ഒരുകുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരണപ്പെട്ടത്.