ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽപെട്ട് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ യാത്രയാക്കി നാട്.
ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. അതിനുശേഷം മൃതദേഹം രണ്ട് മണിക്കൂർ പൊതുദർശനത്തിന് വച്ചു. കേരളലിയിക്കുന്ന കാഴ്ചകളായിരുന്നു ബിന്ദുവിന്റെ വീട്ടിൽ അരങ്ങേറിയത്.
‘അമ്മാ…. എന്നെക്കൊണ്ട് പറ്റൂല്ലാമ്മാ… ഇട്ടേച്ച് പോകല്ലാമ്മാ…’ ബിന്ദുവിന്റെ വേർപാട് സഹിക്കാനാവാതെ മകൻ അലറിക്കരയുന്നത് കണ്ടുനിൽക്കാനേ ചുറ്റുമുള്ളവർക്ക് കഴിഞ്ഞുള്ളു.
ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ അതിവൈകാരിക നിമിഷങ്ങൾക്കായിരുന്നു ബിന്ദുവിൻ്റെ തലയോലപ്പറമ്പിലെ വീട് സാക്ഷ്യം വഹിച്ചത്.
വൻ ജനക്കൂട്ടമാണ് ബിന്ദുവിൻ്റെ മൃതദേഹം കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും പലയിടങ്ങളിൽ നിന്നും ഒഴുകിയെത്തിയത്.
തന്റെ ഭാര്യ ഇനി ഒപ്പം ഇല്ലല്ലോ എന്ന വേദനയും പേറി മക്കളെ ഇനി എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് പോലും അറിയാതെ നെഞ്ച് നീറി കരയുന്ന ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതൻ.
ബിന്ദുവിൻ്റെ വീട്ടിലെ കാഴ്ചകൾ കണ്ടുനിൽക്കാനാകാതെ തേങ്ങി ഒരു ഗ്രാമം മുഴുവനും സംസ്കാര ചടങ്ങിനെത്തി. തലയോലപ്പറമ്പിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
മകൻ നവനീത് അന്ത്യ കർമ്മങ്ങൾ നിർവഹിച്ചു. തലയോലപ്പറമ്പിലെ വസതിയിലേക്ക് നിരവധി ആളുകളാണ് ബിന്ദുവിനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്.
‘അമ്മാ..ഇട്ടേച്ച് പോവല്ലമ്മാ’ എന്ന് ഉറക്കെ കരഞ്ഞ മകൻ നവനീതിന്റെയും കരയാനാകാതെ നിന്ന മകൾ നവമിയുടെയും കാഴ്ച അവിടേക്കെത്തിയ എല്ലാവരുടെയും കരളലിയിച്ചു.
ദുഃഖം കടിച്ചമർത്തി നിന്നിരുന്ന ഭർത്താവ് വിശ്രുതനും മക്കൾക്കും ആശ്വാസം പകരാൻ ആർക്കുമായില്ല.
ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ എംഎൽഎ ധനസഹായം പ്രഖ്യാപിച്ചു.
5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മൻ ധനസഹായം പ്രഖ്യാപിച്ചത്.
ഉമ്മൻ ചാണ്ടി ഫൗണ്ടേഷനാണ് കുടുംബത്തിനു തുക നൽകുക. നേരത്തെ, സർക്കാർ ധനസഹായം നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ പ്രഖ്യാപിച്ചിരുന്നു.
ഇന്നത്തെ സംസ്കാര ചടങ്ങിനായി 50,000 രൂപയും നൽകുമെന്ന് മന്ത്രി വാസവൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റേയും ധനസഹായ പ്രഖ്യാപനം നടത്തിയത്.
അപകടം നടന്നയുടൻ ചാണ്ടി ഉമ്മൻ സ്ഥലത്തെത്തിയിരുന്നു. പിന്നീട് ചാണ്ടി ഉമ്മൻ്റേയും പ്രതിഷേധത്തെ തുടർന്നാണ് രക്ഷാപ്രവർത്തനമുൾപ്പെടെ നടന്നത്.
ആദ്യ ശമ്പളം സ്വീകരിക്കാൻ അമ്മയില്ല
തലയോലപ്പറമ്പ്: ജോലിയിൽ നിന്ന് ലഭിച്ച ആദ്യ ശമ്പളം അമ്മക്ക് നൽകാനായി ഓടിയെത്തിയതാണ് നവനീത്.
എന്നാൽ അത് സ്വീകരിക്കേണ്ട കൈകൾ ഇപ്പോൾ നിശ്ചലമായിരിക്കുന്നു. കണ്ടു നിന്നവർക്ക് പോലും ഹൃദയം നുറുങ്ങുന്ന കാഴ്ചയായിരുന്നു അത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകനായ നവനീതിനു കഴിഞ്ഞ മാസമാണ് എറണാകുളത്തു ജോലി ലഭിച്ചത്.
എന്നാൽ ആദ്യ മാസത്തെ ശമ്പളം കഴിഞ്ഞ ദിവസം കിട്ടിയെങ്കിലും അമ്മയും സഹോദരിയും ആശുപത്രിയിലായതിനാൽ അത് അമ്മയെ ഏൽപ്പിക്കാൻ കഴിഞ്ഞില്ല.
തുടർന്ന് ഇന്നലെ അമ്മക്ക് നൽകാനായി നവനീത് ആശുപത്രിയിലെത്തി. എന്നാൽ അമ്മയുടെ ചലനമറ്റ ശരീരം ആണ് അവനെ കാത്തിരുന്നത്.
അപകടത്തിൽ മരിച്ചയാളെ ആദ്യം തിരിച്ചറിഞ്ഞതും നവനീത് ആയിരുന്നു.
കുടുംബസ്വത്തായി ലഭിച്ച 5 സെന്റ് സ്ഥലത്തു നിർമാണം പൂർത്തിയാകാത്ത ചെറിയ വീട്ടിലാണ് ബിന്ദുവും ഭർത്താവ് വിശ്രുതനും
മക്കളായ നവമിയും നവനീതും ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിയും താമസിച്ചിരുന്നത്.
മേസ്തിരിപ്പണിക്കാരനായ ഭർത്താവ് വിശ്രുതന്റെയും തലയോലപ്പറമ്പിലെ വസ്ത്രശാലയിൽ ജോലി ചെയ്യുന്ന ബിന്ദുവിന്റെയും വരുമാനം കൊണ്ടാണു കുടുംബം കഴിയുന്നത്.
English Summary:
The funeral of Bindu, a resident of Thalayolaparambu who died in the Kottayam Medical College building collapse, was held with deep sorrow. Her body arrived at her home around 10 AM today and was kept for public viewing for two hours. The atmosphere at her residence was filled with grief as the community bid her a tearful farewell.









