ചെന്നൈ: വീട്ടിൽക്കയറിയ പോലീസുകാർ സ്ത്രീകളെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ശുപാർശ ചെയ്ത് മനുഷ്യാവകാശ കമ്മീഷൻ. എഫ്‌ഐആറും മുന്നറിയിപ്പുകളുമില്ലാതെ എത്തിയ പൊലീസുകാരിൽ നിന്ന് തുക പിരിച്ചെടുത്തു നൽകാനാണ് തമിഴ്നാട് സർക്കാരിന് നൽകിയിട്ടുള്ള നിർദേശം. 2013 ജൂലായ് 11-നാണ് കേസിനാസ്പദമായ സംഭവം. നാല് പൊലീസുകാർ പുലർച്ചെ അഞ്ചോടെ മതിൽ ചവിട്ടിപ്പൊളിച്ച് വീടിനകത്ത് കടന്നു. അന്ന് നെതർലൻഡ്‌സിൽ ശാസ്ത്രജ്ഞനായി ജോലിചെയ്യുകയായിരുന്നു വാസുകിയുടെ ഭർത്താവ് രാജഗോപാൽ.
പൊലീസ് ഒഴിഞ്ഞുമാറിയ കേസിൽ 11 വർഷത്തിനുശേഷമാണ് മനുഷ്യാവകാശ കമ്മീഷനിൽനിന്ന് വാസുകിക്ക് നീതി ലഭിക്കുന്നത്. കുറ്റക്കാരായ പൊലീസുകാരിൽ നിന്ന് തുക പിരിച്ചെടുത്തു നൽകാനാണ് തമിഴ്നാട് സർക്കാരിന് നിർദേശം നൽകിയത്. സംഭവ സമയത്ത് സബ് ഇൻസ്‌പെക്ടർമാരായിരുന്ന എസ് രാജശേഖരൻ, എസ് ഇസ്മയിൽ എന്നിവരിൽനിന്ന് 50,000 രൂപ വീതവും ഹെഡ് കോൺസ്റ്റബിൾമാരായിരുന്ന പത്മനാഭൻ, എൽ ഉമാശങ്കർ എന്നിവരിൽ നിന്ന് 25,000 രൂപ വീതവും തിരിച്ചുപിടിച്ച് വാസുകിക്ക് നഷ്ടപരിഹാരമായി നൽകാനാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം വി കണ്ണദാസൻ ശുപാർശ ചെയ്തത്. അഞ്ചാം പ്രതിയാക്കിയിരുന്ന റിട്ട. ഡിഎസ്പി ധർമലിംഗത്തിന്റെ പേരിലുണ്ടായിരുന്ന പരാതി തള്ളി.
ചെന്നൈ ബസന്റ് നഗറിൽ താമസിക്കുന്ന വാസുകിയാണ് പരാതി നൽകിയത്. സ്വത്തുകേസിൽ രാജഗോപാലിനെ ചോദ്യംചെയ്യാനാണെന്നു പറഞ്ഞാണ് പൊലീസുകാർ എത്തിയത്. വീട്ടിൽ കയറിയ പൊലീസുകാർ വാസുകിയെയും ബന്ധുവായ മറ്റൊരു സ്ത്രീയെയും മർദിക്കുകയായിരുന്നു.