വാടക നല്‍കാത്തതിനാല്‍ തേഞ്ഞിപ്പലം പോക്സോ കേസില്‍ ജീവനൊടുക്കിയ അതിജീവിതയുടെ കുടുംബം തെരുവിലേയ്ക്ക്. വാടക നല്‍കാത്തതിനാല്‍ വീട് ഒഴിയണമെന്നാണ് ഉടമ പറഞ്ഞിരിക്കുന്നത്. എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് കുടുംബം. ഇവരെ സംരക്ഷിക്കുമെന്ന ബാലാവകാശ കമ്മീഷന്‍റെ പ്രഖ്യാപനവും പാഴ്വാക്കായി. അകാലത്തിൽ പൊലിഞ്ഞ മകളുടെ ഓര്‍മ്മയില്‍ നിന്നുകരകയറാനാവാതെ വലയുന്ന കുടുംബത്തിന് അതിനിടയിലാണ് വീടും നഷ്ടമാവുന്നത്. അന്തിയുറങ്ങുന്ന വീടും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണിപ്പോള്‍. മൂന്നുവര്‍ഷമായി വാടക വീട്ടിലാണ് താമസം. അന്നുമുതലുള്ള വാടക നല്‍കാനുണ്ട്. വാടക നല്‍കാത്തതിനാല്‍ വീട് ഒഴിയണമെന്ന ഉടമയുടെ ഭീഷണിക്ക് മുന്നില്‍ നിസ്സഹായരാണ് ഈ കുടുംബം.
റേഷൻ കാർഡില്ലാത്തതിനാൽ ലൈഫ് പദ്ധതിയിലും അപേക്ഷിക്കാനാവുന്നില്ല. പത്താം ക്ലാസില്‍ പഠിക്കുന്ന മകനെയും കൊണ്ട് എങ്ങോട്ട് പോകണമന്ന് അറിയില്ല. ആരോഗ്യപ്രശ്നങ്ങള്‍ കാരണം ജോലിക്കായി പുറത്തുപോകാനും കഴിയുന്നില്ല.അയല്‍വീടുകളില്‍ നിന്ന് നല്‍കുന്ന ഭക്ഷണം കൊണ്ടാണ് പലപ്പോഴും വിശപ്പകറ്റുന്നത്. ഇരുള്‍ വീഴ്ത്തിയ ഓര്‍മകളില്‍ നിന്ന് ജീവിതത്തിലേക്ക് തിരിഞ്ഞ് നടക്കുകയാണ് ഈ ഉമ്മ. പക്ഷേ വിധി വീണ്ടും വില്ലനാകുകയാണ്.