കൊച്ചി വിമാനത്താവളത്തിലൂടെ ഓമന മൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടു പോകാനുള്ള സൗകര്യം നിലവിൽ വന്നു. വ്യാഴാഴ്ച പുലർച്ചെ, ലാസ അപ്‌സോ ഇനത്തിൽപ്പെട്ട ‘ലൂക്ക’ എന്ന നായ്ക്കുട്ടിയാണ് ആദ്യമായി കൊച്ചിയിൽ നിന്ന് ദോഹ വഴി ദുബായിലേക്ക് പറന്നത്. ഖത്തർ എയർവെയ്‌സിലാണ് ‘ലൂക്ക’ കൊച്ചിയിൽ നിന്ന് ദോഹയിലെത്തിയത്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശികളായ രാജേഷ് സുശീലൻ – കവിത രാജേഷ് ദമ്പതിമാരുടെ ഓമനയാണ് ലൂക്ക. ദുബായിൽ ബിസിനസ് നടത്തുകയാണ് രാജേഷ്.
കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽ നിന്ന് സിയാലിന് ‘പെറ്റ് എക്സ്പോർട്ട്’ അനുമതി ലഭിച്ചതോടെ, ഈ സൗകര്യമുള്ള കേരളത്തിലെ ഏക വിമാനത്താവളമായി സിയാൽ മാറി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശീതീകരിച്ച പെറ്റ് സ്റ്റേഷൻ, പ്രത്യേക കാർഗോ വിഭാഗം, വെറ്ററിനറി ഡോക്ടർമാർ, കസ്റ്റംസ് ക്ലിയറൻസ് കേന്ദ്രം, മൃഗങ്ങളെ കൊണ്ടു വരുന്നവർക്കുള്ള ഫെസിലിറ്റേഷൻ സെന്റർ എന്നിവ സിയാൽ ഒരുക്കിയിട്ടുണ്ട്.
ഇതുവരെ ആഭ്യന്തര റൂട്ടുകളിൽ മൃഗങ്ങളെ കൊണ്ടുപോകാനും കൊണ്ടു വരാനുമുള്ള അനുമതി മാത്രമേ സിയാലിന് ഉണ്ടായിരുന്നുള്ളൂ. എന്നാലിപ്പോൾ എല്ലാ വിദേശ രാജ്യങ്ങളിലേക്കും പ്രത്യേകം സജ്ജമാക്കിയ കൂടുകളിലൂടെ കാർഗോ വഴി കൊണ്ടുപോകാനുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളത്. വിദേശത്ത് നിന്ന് ഓമന മൃഗങ്ങളെ നേരിട്ട് ഇറക്കുമതി ചെയ്യാനുള്ള അനുമതിക്കായി ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇതിനു വേണ്ടി പ്രത്യേകം ‘അനിമൽ ക്വാറന്റൈൻ’ കേന്ദ്രം സ്ഥാപിച്ചു വരികയാണ്. സസ്യങ്ങളും ഫലങ്ങളും കൊണ്ട് പോകാനും ഇറക്കുമതി ചെയ്യാനുമുള്ള അനുവാദം സിയാലിനുണ്ട്. ഇതിനായുള്ള ‘പ്ലാന്റ് ക്വാറന്റൈൻ സെന്റർ’ കാർഗോ വിഭാഗത്തിന് സമീപം പ്രവർത്തിച്ചു വരുന്നു. ഈ സൗകര്യങ്ങൾ ലഭ്യമാകുന്നതിന് കാർഗോ ഹാൻഡ്ലിങ് ഏജൻസികളെയോ എയർലൈനുകളെയോ ആണ് ആദ്യം ബന്ധപ്പെടേണ്ടത്.
ഇന്ത്യയിലെ മുൻനിര വിമാനത്താവളങ്ങളിലുള്ള എല്ലാ സൗകര്യങ്ങളും കൊച്ചി വിമാനത്താവളത്തിൽ ഏർപ്പെടുത്താനാണ് മാനേജ്മെന്റ് ലക്ഷ്യമിടുന്നതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു. “എല്ലാ യാത്രക്കാർക്കും അനുബന്ധ സൗകര്യങ്ങൾ സമഗ്രമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിയാൽ മുന്നോട്ട് പോകുന്നത്.
ഇതിൻ്റെ ഭാഗമായി പരമാവധി ഇടങ്ങളിൽ ഓട്ടോമാറ്റിക് സംവിധാനങ്ങൾ ഏർപ്പെടുത്തി. വളർത്തുമൃഗങ്ങളെ ഇറക്കുമതി ചെയ്യാനുള്ള അനുമതി (പെറ്റ് ഇംപോർട്ട് ഫെസിലിറ്റി) ലഭിക്കാനുള്ള ശ്രമങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. കൂടാതെ, ഫുൾ ബോഡി സ്കാനറുകൾ പോലുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഉടൻ പ്രാവർത്തികമാകും”, സുഹാസ് പറഞ്ഞു.
ജീവൻരക്ഷാ മരുന്നുകളും സൗന്ദര്യവർദ്ധക വസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിന് സിയാലിന് ഈയിടെ കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇതോടെ വൻകിട സ്റ്റോക്കിസ്റ്റുകൾക്ക് നേരിട്ട് കൊച്ചി വഴി മരുന്നുകളും സൗന്ദര്യവർധകവസ്തുക്കളും ഇറക്കുമതി ചെയ്യാനും സ്റ്റോക്ക് ചെയ്യാനും സാധിക്കും.
English Summary: The facility to export pets abroad through Cochin airport has come into existence, bringing cheers to the pet owners who cannot afford to abandon their pets while moving abroad. On Thursday morning, a Lhasa Apso breed puppy named ‘Luka’ made history as the first pet to fly from Kochi to Dubai via Doha. The pet cargo was handled by Qatar Airways. Luka is the beloved pet of Rajesh Susheelan and Kavitha Rajesh, originally hailing from Attingal, Thiruvananthapuram. Rajesh manages a business in Dubai.