വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻറെ തിരുശേഷിപ്പുകളുടെ പ്രദർശനം നാളെ മുതൽ ഗോവയിൽ തുടങ്ങും. 2025 ജനുവരി 5 വരെ തിരുശേഷിപ്പുകൾ വിശ്വാസികൾക്ക് ദർശിക്കാം. ഗോവയിലെ ഏറ്റവും വലിയ ഉത്സവ ആഘോഷത്തിനാണ് നാളെ തുടക്കം കുറിക്കുന്നത്.
പ്രാർത്ഥനാ ശുശ്രൂഷകൾ, ഘോഷയാത്രകൾ, കുർബാനകൾ, എന്നിവ ചടങ്ങുകളുടെ ഭാഗമായി ഉണ്ടാകും. സ്പാനിഷ് ജെസ്യൂട്ട് മിഷനറി സെന്റ് ഫ്രാൻസിസ് സേവ്യറിൻറെ തിരുശേഷിപ്പ് 1624 മുതലാണ് പഴയ ഗോവയിലെ ബോം ജീസസിൻറെ ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്നത്. വെള്ളിപേടകത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുശേഷിപ്പ് ഇവിടെ നിന്ന് ഇറക്കിയ ശേഷം 300 മീറ്റർ അകലെയുള്ള കത്തീഡ്രലിലേക്ക് കൊണ്ടുപോകുകയാണ് പതിവ്. സൊസൈറ്റി ഓഫ് ജീസസിൻറെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു ഫ്രാൻസിസ് സേവ്യർ.
ഗോവയിൽ കുറേ ഏറെ വർഷങ്ങളായി തുടരുന്ന ആചാരമാണ്, ഇത്രയും വർഷം കഴിഞ്ഞിട്ടും സെന്റ് ഫ്രാൻസിസ് സേവ്യറിൻറെ തിരുശേഷിപ്പ് അഴുകിയതേയില്ല, ഇത് ഇപ്പോഴും അത്ഭുതമായി തുടരുകയാണ്. ഗോവയുടെ പ്രഭു എന്ന് അറിയപ്പെടുന്ന സെന്റ് ഫ്രാൻസിസ് സേവ്യർ 1542ലാണ് ഗോവയിൽ എത്തിയതെന്ന് രേഖകൾ പറയുന്നു.
പോർച്ചുഗീസ് കുടിയേറ്റക്കാർക്കിടയിൽ ക്രിസ്തുമതം പുനഃസ്ഥാപിക്കുക എന്നതായിരുന്നു ഫ്രാൻസിസ് സേവ്യറിൻറെ ദൗത്യം. 1552-ൽ ചൈനയുടെ തീരത്തുള്ള ഷാങ്‌ചുവാൻ ദ്വീപിൽ വച്ചായിരുന്നു അദ്ദേഹം മരിക്കുന്നത്. 1554ലാണ് മൃതദേഹം ഗോവയിലേക്ക് അയച്ചത്. 162ലാണ് ബസിലിക്കയിൽ സ്ഥാപിച്ചത്. 1622ൽ ഫ്രാൻസിസ് സേവ്യറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.
പ്രദർശന ഉത്സവത്തോട് അനുബന്ധിച്ച് ഗോവയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട് എന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. തീർത്ഥാടകരെ കടത്തിവിടാൻ പ്രത്യേക ബസുകൾ ഓടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.