ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ തുടങ്ങിയവക്ക് പ്രചാരം നൽകിയ ഒരുപിടി താരങ്ങൾ രാജ്യത്തുണ്ട്. സോഷ്യൽ മീഡിയയിലും മറ്റും തരംഗം സൃഷ്ടിക്കുന്ന ഇവർക്കെതിരെ കേസെടുത്തിരിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
വിജയ് ദേവരക്കൊണ്ട, പ്രകാശ് രാജ്, റാണ ദഗ്ഗുബാട്ടി, നിധി അഗർവാൾ, മഞ്ജു ലക്ഷ്മി എന്നീ സിനിമാ താരങ്ങൾ ഉൾപ്പെടെ 29 പേർക്കെതിരെയാണ് കേസ്.
ഓൺലൈൻ ചൂതാട്ടം നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ നിർദേശ പ്രകാരമാണ് കേസുകൾ എടുത്തതെന്നാണ് പുറത്തുവരുന്ന വിവരം. ചൂതാട്ട പരസ്യങ്ങൾക്ക് വലിയ തുകയുടെ കള്ളപ്പണ ഇടിടപാടുകൾ നടക്കുന്നതായി ഇഡി ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്.
കഴിവ് അടിസ്ഥാനമാക്കിയുള്ള ഗെയിമായ എ23യുടെ ബ്രാൻഡ് അംബാസിഡർ മാത്രമാണ് താനെന്നാണ് കേസ് വന്നശേഷം വിജയ് ദേവരകൊണ്ടയുടെ പ്രതികരണം.
സ്‌കിൽ ബേസ്ഡ് ഗെയിം എന്ന നിലയിൽ റമ്മിയെ സുപ്രീംകോടതി നൈപുണ്യത്തിന്റെ കളിയായി അംഗീകരിച്ചതാണ് എന്നും അദ്ദേഹം സ്വയം ന്യായീകരിക്കുന്നു.
നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള ഗെയിമിങ് ആപ്പുമായി തനിക്ക് ഉണ്ടായിരുന്ന ബന്ധം 2017ൽ അവസാനിച്ചുവെന്ന് റാണ ദഗ്ഗുബാട്ടി വിശദീകരിച്ചു.
ഈ മുന്നറിയിപ്പ് അവഗണിക്കരുത്
കൊച്ചി: വാട്സാപ്പിലൂടെ തട്ടിപ്പിരയായ വിവരം തുറന്നു പറഞ്ഞ് ഗായിക അമൃത സുരേഷ് രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്.
തട്ടിപ്പിനിരയായി തന്റെ 45,000 രൂപ നഷ്ടമായെന്നാണ് അമൃത പറഞ്ഞത്.
അമൃതയുടെ സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വ്ലോഗിലാണ് അമൃത ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
‘അമ്മൂന് പറ്റിയ അബദ്ധം – WHATSAPP SCAM’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. സഹോദരി അഭിരാമിയും അമൃതയ്‌ക്കൊപ്പം വിഡിയോയിലുണ്ട്.
കഴിഞ്ഞ ദിവസം സ്റ്റുഡിയോയിൽ ഇരിക്കുമ്പോഴാണ് ബിന്ദു എന്നുപേരുള്ള തൻറെ കസിൻ സിസ്റ്ററിൻറെ മെസേജ് വന്നത്. അത്യാവശ്യമായി 45,000 രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള മെസേജായിരുന്നു അത്.
ബിന്ദുവിൻ്റെ യുപിഐക്ക് എന്തോ പ്രശ്നമുണ്ടെന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം അയക്കണമെന്നും മെസേജിൽ പറഞ്ഞിരുന്നു.
ഇന്ന് ഇഎംഐ അടക്കേണ്ട ദിവസമാണെന്നും ഒരുമണിക്കൂറിനകം പണം തിരികെ അയക്കാമെന്നും മെസേജിലുണ്ടായുരുന്നു എന്ന് അമൃത വീഡിയോയിൽ പറയുന്നു.
മെസേജ് കണ്ടയുടനെ തന്നെ പറഞ്ഞ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തു. ഒപ്പം സ്റ്റുഡിയോയിൽ നിന്ന് ചിരിച്ചുകൊണ്ടുള്ള ഒരു സെൽഫിയും നൽകി.
പണം അയച്ചയുടനെ താങ്ക്യൂ എന്ന് മറുപടിയും ലഭിച്ചു. എന്നാൽ പിന്നീട് വീണ്ടും മെസേജ് വന്നു. ഒരു 30,000 രൂപ കൂടി അയക്കാമോ എന്ന് ചോദിച്ചായിരുന്നു മെസേജ് എത്തിയത്.
എന്റെ കയ്യിൽ പൈസ ഇല്ലാത്തതുകൊണ്ട് ഞാൻ ചേച്ചിയെ അപ്പോൾ തന്നെ വിഡിയോ കോൾ ചെയ്തു. എന്നാൽ ചേച്ചി കോൾ കട്ട് ചെയ്യുകയായിരുന്നു. പിന്നീട് നോർമൽ കോളിൽ വിളിച്ചപ്പോൾ ചേച്ചി എടുത്തു.
ഫോണെടുത്ത ഉടൻ ചേച്ചി ഭയങ്കര കരച്ചിലായിരുന്നു. ചേച്ചിയുടെ വാട്സാപ്പ് ഹാക്ക് ചെയ്തെന്നും കുറേ പേരോട് പണം ചോദിച്ച് മെസേജ് അയച്ചിട്ടുണ്ടെന്നും പറഞ്ഞു.
കാര്യങ്ങൾ കൈവിട്ട് പോയിരുന്നു
നീ പൈസയൊന്നും അയച്ചുകൊടുക്കരുതേ എന്നും പറഞ്ഞെങ്കിലും പക്ഷേ അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ട് പോയിരുന്നു.
തട്ടിപ്പുകാർ കോൾ ചെയ്ത് വിവരങ്ങൾ ചോർത്തുന്നത് എങ്ങനെയാണെന്നും വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്നത് എങ്ങനെയാണെന്നും അഭിരാമി തൻ്റെ വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്.
തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ട ഉടനെ പൊലീസ് സ്‌റ്റേഷനിൽ വിവരമറിയിച്ചതായി അമൃത വ്യക്തമാക്കി. ഒപ്പം കസിൻറെ പരിചയത്തിലുള്ള എല്ലാവരെയും തട്ടിപ്പിന്റെ വിവരം അറിയിക്കുകയും ചെയ്തു.
ഓരോ തവണയും ഫോൺ ചെയ്യുമ്പോഴും കേൾക്കാറുള്ള, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ തട്ടിപ്പിനെ പറ്റിയുള്ള മുന്നറിയിപ്പ് താൻ ഇതുവരെ ശ്രദ്ധിച്ചിരുന്നില്ല എന്നും അമൃത പറഞ്ഞു.
വൃത്തികെട്ട അനൗൺസ്‌മെന്റ്, ഇതുകാരണം കോൾ കണക്ടാകാൻ എത്ര സമയമെടുക്കുന്നു എന്നാണ് അമൃത ചിന്തിച്ചിരുന്നത്.
തട്ടിപ്പിന് ഇരയായ ശേഷം ഫോൺ ചെയ്തപ്പോൾ ‘ഈശ്വരാ ഇത് തന്നെയാണല്ലോ പറയണെ, മര്യാദയ്ക്ക് ശ്രദ്ധിച്ചാൽ മതിയായിരുന്നു’ എന്ന് തോന്നിയെന്നും അമൃത പറഞ്ഞു.
ഇന്ന് ഞാനാണെങ്കിൽ നാളെ നിങ്ങളാകാൻ സാധ്യതയുണ്ടെന്നും അമൃത സുരേഷ് മുന്നറിയിപ്പ് നൽകി.
നിയമവിരുദ്ധ വെബ്‌സൈറ്റുകൾ തടഞ്ഞു
അനധികൃത ഓൺലൈൻ മണി ഗെയിമിംഗ് സ്ഥാപനങ്ങളുടെ 357 നിയമവിരുദ്ധ വെബ്‌സൈറ്റുകൾ തടഞ്ഞു കേന്ദ്ര സർക്കാർ.
അത്തരം 700 സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം നടക്കുകയാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവുമായി (MeitY) സഹകരിച്ച് ഡിജിജിഐ
ഇതുവരെ 357 നിയമവിരുദ്ധ വിദേശ ഓൺലൈൻ പണ ഗെയിമിംഗ് സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകൾ/യുആർഎല്ലുകൾ തടഞ്ഞു. ഈ വിദേശ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളിൽ കണ്ടെത്തിയ യുപിഐ ഐഡികളുമായി ബന്ധിപ്പിച്ചിട്ടുള്ള 392 ബാങ്ക് അക്കൗണ്ടുകൾ
ഡെബിറ്റ് മരവിപ്പിച്ചതായും മൊത്തം 122.05 കോടി രൂപ ഈ അക്കൗണ്ടുകളിൽ താൽക്കാലികമായി കണ്ടുകെട്ടിയതായും മന്ത്രാലയം അറിയിച്ചു.
ജിഎസ്‍ടി രജിസ്ട്രേഷൻ ചെയ്യാതെ ഇത്തരം സ്ഥാപനങ്ങൾ ജിഎസ്ടിയിൽ നിന്ന് ഒഴിഞ്ഞുമാറുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നു ധനകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു.
ചില നിയമവിരുദ്ധ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ അടുത്തിടെ നടത്തിയ നടപടിയിൽ, പങ്കെടുക്കുന്നവരിൽ നിന്ന് പണം പിരിക്കാൻ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ ഡിജിജിഐ തടഞ്ഞു.
കൂടാതെ, I4C, നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) എന്നിവയുമായി സഹകരിച്ച് ഏകദേശം 2,000 ബാങ്ക് അക്കൗണ്ടുകളും നാലുകോടി രൂപയും കണ്ടുകെട്ടി.
ഓൺലൈൻ ഗെയിമിംഗ് സ്ഥാപനങ്ങൾക്കെതിരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് (ഡിജിജിഐ) നടപടി ശക്തമാക്കി. ഓൺലൈൻമണി ഗെയിമിംഗ് വ്യവസായത്തിൽ ആഭ്യന്തര, വിദേശ ഓപ്പറേറ്റർമാർക്കും വിലക്കേർപ്പെടുത്തി.
പണമിടപാട് ഗെയിമിംഗ്, വാതുവെപ്പ്, ചൂതാട്ടം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഏകദേശം 700 വിദേശ സ്ഥാപനങ്ങൾ ഡിജിജിഐയുടെ നിരീക്ഷണത്തിലാണ്.
English Summary:
The Enforcement Directorate has filed cases against 29 celebrities for promoting online gambling games and betting advertisements through social media. The list includes popular film stars such as Vijay Deverakonda, Prakash Raj, Rana Daggubati, Nidhhi Agerwal, and Manju Lakshmi