അനധികൃത കുടിയേറ്റക്കാരെ അമേരിക്കയിൽ നിന്ന് തിരിച്ചയക്കാനുള്ള സാമ്പത്തിക ചെലവ് യുഎസ് സർക്കാറിനെ നട്ടം തിരിക്കുന്നു. പെന്റഗൺ വിട്ടുനൽകിയ സൈനിക വിമാനങ്ങളിലാണ് നിലവിൽ കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത്.
ഇതിനോടകം തന്നെ ഇന്ത്യയിലേക്കും ആദ്യ വിമാനം പുറപ്പെട്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സി-17 സൈനിക വിമാനം അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ടെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വിമാനം ഇന്ത്യയിലേക്ക് എത്തിച്ചേർന്നിട്ടില്ല.
അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉറച്ച തീരുമാനമെടുത്തതിനെ തുടർന്നാണ് ഈ നടപടി. ഇന്ത്യക്കാതെ തിരിച്ചെത്തിക്കാൻ യുഎസ് സർക്കാറിന് കോടികൾ ചെലവാക്കേണ്ടി വരും. മിക്ക രാജ്യങ്ങളിലേയും കുടിയേറ്റക്കാരെ തിരിച്ചയക്കാൻ ഇതുപോലെ ഭീമമായ തുക ചിലവഴിക്കേണ്ടിവരുമെന്ന് നേരത്തെ തെന്നെ മുന്നറിയിപ്പ് നൽകിയിരുന്നു .
അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയിൽ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയവരെ തിരിച്ചയക്കാനുള്ള അമേരിക്കൻ സർക്കാറിൻറെ നടപടിയോട് തുറന്ന മനസ്സാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രതികരണം നടത്തിയിരുന്നു.