മാനന്തവാടി: ആദിവാസിയുവാവിനെ കാറിടിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം കടന്നു കളഞ്ഞ കാർ ഡ്രൈവറെ പിടികൂടി. സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം.The driver of the car who ran over the tribal youth and seriously injured him was arrested
സിസിടിവി ദൃശ്യങ്ങളോ ദൃക്‌സാക്ഷികളോ ഇല്ലാതിരുന്നിട്ടും പോലീസിന്റെ സമയോചിതമായ നീക്കമാണ് ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതിയിലേക്ക് എത്തിച്ചത്. അപകട സ്ഥലത്ത് നിന്ന് ലഭിച്ച കാറിന്റെ വശക്കണ്ണാടി (സൈഡ് മിറര്‍) മാത്രമായിരുന്നു അന്വേഷണ സംഘത്തിന് മുമ്പിലുണ്ടായിരുന്ന ഏക സൂചന. ഇത് മുൻനിർത്തിയുള്ള അന്വേഷണത്തിൽ വാളാട് സ്വദേശി വി.വി. ഹരീഷ് (36) ആണ് പിടിയിലായത്.
ജൂണ്‍ 23ന് തൊണ്ടര്‍നാട് മരച്ചുവട് എന്ന സ്ഥലത്ത് വെച്ച് രാത്രിയിലായിരുന്നു സംഭവം. രാത്രി അമിത വേഗത്തിലും അശ്രദ്ധമായും ഓടിച്ച കാറിടിച്ച് കോറോം സ്വദേശിയായ യുവാവിന് ഇടത് കാല്‍മുട്ടിന്റ എല്ല് പൊട്ടി ഗുരുതര പരിക്കേറ്റിരുന്നു.
പൊതുറോഡിലൂടെ വലതുവശം ചേര്‍ന്ന് നടന്നു പോകുകയായിരുന്ന യുവാവിനെയാണ് കാറിടിച്ചത്. അപകടം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് പരാതി ലഭിച്ചത്. എന്നാല്‍ കൃത്യമായ അന്വേഷണം പ്രതിയിലേക്കെത്തിക്കുകയായിരുന്നു.
സംഭവം നടക്കുന്നത് രാത്രിയായതിനാലും ഗുരുതര പരിക്കേറ്റതിനാലും പരാതിക്കാരന് വാഹനം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി പൊലീസിന് പറഞ്ഞുകൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. സിസിടിവി ദൃശ്യങ്ങളും മറ്റു ദൃക്സാക്ഷികളും ലഭ്യമായിരുന്നില്ല.
സംഭവ സ്ഥലത്ത് ലഭിച്ച പൊട്ടിയ സൈഡ് മിറര്‍ മാത്രമായിരുന്നു ഏക ആശ്രയം. സബ്ബ് ഇന്‍സ്പെക്ടര്‍ എം.സി. പവനന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ടി.പി. റിയാസ് എന്നിവരുടെ അന്വേഷണ മികവാണ് പരാതിക്ക് തുമ്പാക്കയത്.
സൈഡ് മിറര്‍ മാരുതി 800 ന്റേതാണെന്ന് കണ്ടെത്തിയ ശേഷം പ്രദേശത്ത് മാരുതി 800 വാഹനം കൈയിലുളള ആളുകളുടെ ലിസ്റ്റെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. കേടുപാടുകള്‍ പറ്റിയ വാഹനങ്ങള്‍ പല സ്ഥലങ്ങളില്‍ പോയി പരിശോധിച്ചു.
സംഭവത്തിന് ശേഷം കാര്‍ പുറത്തെടുക്കാതെ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു. മറച്ചു വെച്ചിരുന്ന വാഹനം നാളുകള്‍ക്ക് ശേഷം പുറത്തെടുത്ത് ടൗണിലേക്കിറങ്ങിപ്പോഴാണ് പിടിവീണത്. കെ.എല്‍ 30 ബി 2290 നമ്പര്‍ മാരുതി കാറാണ് കസ്റ്റഡിയിലെടുത്തത്. വാളാട്, കോളിച്ചാല്‍, വാനിയപുരയില്‍ വീട്ടില്‍, വി.വി. ഹരീഷ് (36)നെയാണ് പിടികുടിയത്. സൈഡ് മിറര്‍ പൊട്ടിയതും കാറിന്റെ ഫ്രണ്ട് ലൈറ്റിനും കേടുപാട് പറ്റിയതും തെളിവായി.
വാഹനം നിര്‍ത്തി ഇയാള്‍ക്ക് വേണ്ട വൈദ്യസഹായം നല്‍കാതെയാണ് ഇയാള്‍ കടന്നുകളഞ്ഞത്. കാറിടിച്ച് വീണ യുവാവിനെ നാട്ടുകാര്‍ കണ്ടിരുന്നില്ല. മദ്യപിച്ച് റോഡില്‍ കിടക്കുകയാണെന്ന ധാരണയില്‍ പലരും കടന്നുപോയി. അല്‍പസമയം കഴിഞ്ഞാണ് നാട്ടുകാര്‍ പരിക്കേറ്റ് കിടക്കുകയാണെന്ന് മനസിലാക്കുന്നതും ആശുപത്രിയിലെത്തിച്ചതും