യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ സമ്മാനങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നു.
20,000 ഡോളർ (17.15 ലക്ഷം രൂപ) വിലവരുന്ന ഡയമണ്ട് ആഭരണമാണ് ജിൽ ബൈഡന് 2023ലെ യുഎസ് സന്ദർശന വേളയിൽ മോദി നല്‍കിയത്. കർ-ഇ-കലംദാനി എന്നറിയപ്പെടുന്ന പേപ്പർ പൾപ്പ് കൊണ്ട് നിർമ്മിച്ച ചെറുപെട്ടിയിലാണ് ഡയമണ്ട് സമ്മാനിച്ചത്. യുഎസ് ചീഫ് ഓഫ് പ്രോട്ടോക്കോൾ ഓഫീസ് പുറത്തുവിട്ട റിപ്പോർട്ടിൽ ആണ് സമ്മാന വിവരങ്ങള്‍ ഉള്ളത്.
കൈകൊണ്ട് നിര്‍മ്മിച്ച ചന്ദനപ്പെട്ടിയാണ് ജോ ബൈഡന് നൽകിയത്. ചന്ദനപ്പെട്ടിയിൽ ഗണപതിയുടെ വെള്ളി വിഗ്രഹം, പത്ത് ധനം, ഒരു എണ്ണ വിളക്ക് എന്നിവയാണ് ഉണ്ടായിരുന്നത്.
ഇതോടൊപ്പം ദി ടെന്‍ പ്രിന്‍സിപ്പല്‍ ഉപനിഷദ് എന്ന പുസ്തകത്തിൻ്റെ ആദ്യ പതിപ്പിൻ്റെ പ്രിൻ്റ് ജോ ബൈഡന് പ്രധാനമന്ത്രി സമ്മാനിച്ചു. ഇതടക്കം ആയിരക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന സമ്മാനങ്ങളാണ് മോദി നല്‍കിയത്. പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവര്‍ക്ക് വിദേശ നേതാക്കളിൽ നിന്നും ലഭിക്കുന്ന 480 ഡോളറിൽ കൂടുതൽ മൂല്യമുള്ള സമ്മാനവിവരങ്ങള്‍ പുറത്തുവിടണം എന്നാണ് അമേരിക്കയിലെ ചട്ടം.
വജ്രം വൈറ്റ് ഹൗസ് ഈസ്റ്റ് വിംഗിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് രേഖയിൽ പറയുന്നു. മറ്റ് സമ്മാനങ്ങൾ ആർക്കൈവുകളിലേക്ക് അയച്ചതായി വാർത്താ ഏജൻസി എപി റിപ്പോർട്ട് ചെയ്തു. കൈകൊണ്ട് നിർമ്മിച്ച പുരാതന അമേരിക്കൻ പുസ്തകം ഗാലി പ്രധാനമന്ത്രി മോദി ബൈഡനില്‍ നിന്നും ഏറ്റുവാങ്ങി.
ഒരു വിൻ്റേജ് അമേരിക്കൻ ക്യാമറ, അമേരിക്കൻ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയുടെ ഹാർഡ് കവർ പുസ്തകം, റോബർട്ട് ഫ്രോസ്റ്റിൻ്റെ സമാഹരിച്ച കവിതകളുടെ ഒപ്പിട്ട ആദ്യ പതിപ്പ് എന്നിവയും സമ്മാനമായി നൽകി