കൊച്ചി: സിറോമലബാർസഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക 486 ദിവസങ്ങൾക്കുശേഷം കോടതി ഉത്തരവ് അനുസരിച്ച് തുറന്നു. അഡ്മിനിസ്‌ട്രേറ്റർ റെക്ടർ ഫാ. വർഗീസ് മണവാളനാണ് ദേവാലയം തുറന്നത്.എറണാകുളം മുൻസിഫ് കോടതിയുടെ ഉത്തരവ് പ്രകാരം കുർബാന ഒഴികെ മുഴുവൻ ആരാധനക്രമങ്ങളും പള്ളിയിൽ നടത്തുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ഫാ. വർഗീസ് മണവാളൻ, അസിസ്റ്റന്റ് വികാരിമാരായ ഫാ. റോബിൻ വാഴപ്പിള്ളി, ഫാ. ജിൻസ് ഞാനക്കൽ എന്നിവരുടെ നേതൃത്വത്തിൽ ബസിലിക്ക തുറന്നതിനുശേഷം ഇടവക സമൂഹത്തോട് ചേർന്ന് ആരാധന നടത്തി. തുടർന്ന് ജപമാലയും കുരിശിന്റെ വഴിയുമുണ്ടായിരുന്നു. ഇന്ന് രാവിലെ മുതൽ ദേവാലയത്തിൽ കുമ്പസാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് ജപമാലയും കുരിശിന്റെ വഴിയും ഉണ്ടായിരിക്കും. പെസഹദിനത്തിൽ രാവിലെ മുതൽ ആരാധനയും സമാപനത്തിൽ അപ്പം മുറിക്കൽ ശുശ്രൂഷയും ഉണ്ടായിരിക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
കുർബാന പരിഷ്‌കരണം സംബന്ധിച്ച തർക്കങ്ങളുമായി ബന്ധപ്പെട്ട് വിശ്വാസികൾ ഇരുവിഭാഗങ്ങളായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടർന്നാണ് 2022ൽ ക്രിസ്‌മസ് തലേന്ന് പൊലീസ് ബസലിക്ക അടച്ചുപൂട്ടിയത്. ഇരുവിഭാഗങ്ങളും നൽകിയ പരാതികളും കോടതിയുടെ പരിഗണനയിലിരിക്കെയാണ് തുറക്കാൻ കോടതി അനുമതി നൽകിയത്.