തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ടെക്നോപാർക്ക് ജീവനക്കാരിയിൽനിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തത് ഹൈക്കോടതി ജീവനക്കാരനെന്ന വ്യാജേന.money laundering
ഹൈകോടതി ജഡ്ജിക്ക് കൈക്കൂലി നൽകിയാൽ നിയമപരമായ സങ്കീർണതകൾ ഒഴിവാക്കാമെന്ന് പരാതിക്കാരിയെ വിശ്വസിപ്പിച്ചു. ആദ്യം ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇതു നൽകിയതോടെ ജഡ്ജിമാർ വഴങ്ങുന്നില്ലെന്ന് പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെട്ടു. ഇത്തരത്തിൽ പല തവണയായി 14 ലക്ഷം രൂപ നൽകിയെങ്കിലും വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തെന്നും കോടതി മുമ്പാകെ ഹാജരാകണമെന്നും കാട്ടി 38കാരിയായ ടെക്കിക്ക് ഇ-മെയിൽ വന്നതോടെയാണ് തട്ടിപ്പിൻറെ തുടക്കം. തൊട്ടുപിന്നാലെ ഹൈകോടതി ജീവനക്കാരനാണെന്ന് പറഞ്ഞ് ഒരാൾ ഫോണിൽ ബന്ധപ്പെട്ടു. അറസ്റ്റ് ഒഴിവാക്കാനും ഓഫിസിലും വീട്ടിലും അപമാനിതയാകാതിരിക്കാനും കോടതിയിൽ ഹാജരാകുന്നതാണ് നല്ലതെന്ന് പറഞ്ഞു.
താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സ്ത്രീ അറിയിച്ചു. ഇതോടെ കേസ് രജിസ്റ്റർ ചെയ്തതുസംബന്ധിച്ച എഫ്.ഐ.ആർ ഉൾപ്പെടെ രേഖകൾ ഇ-മെയിലിൽ അയച്ചു നൽകി.
ഇതോടെ പരാതിക്കാരി സുഹൃത്തിനോട് പറയുകയും സൈബർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതി നൽകാൻ വൈകിയതുമൂലം തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.