ന്യൂഡൽഹി: രാജ്യത്തുടനീളം 994 വഖഫ് സ്വത്തുക്കൾ കയ്യേറ്റം നേരിടുന്നതായി കേന്ദ്ര സർക്കാർ. ഏറ്റവും കൂടുതൽ അധിനിവേശ ശ്രമങ്ങൾ നടത്തിയിട്ടുള്ളത് തമിഴ്നാട്ടിലാണ്. 734 സ്വത്തുക്കളാണ് ഇവിടെ മാത്രം അന്യാധീനപ്പെടുത്തിയത്.
ആന്ധ്രപ്രദേശിൽ 152, പഞ്ചാബിൽ 63, ഉത്തരാഖണ്ഡ് 11, ജമ്മു കശ്മീരിൽ 10 എന്നിങ്ങനെയാണ് കയ്യേറ്റം ചെയ്യപ്പെട്ട വഖ്ഫ് സ്വത്തുക്കൾ ഉള്ളത്. ജോൺ ബ്രിട്ടാസിന്റെ ചോദ്യങ്ങൾക്ക് കേന്ദ്ര സർക്കാർ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്. വഖ്ഫ് ഭൂമി നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ കൈമാറ്റം ചെയ്തതോ കയ്യേറിയതോ ആയ സ്വത്തുക്കളെയാണ് അന്യാധീനപ്പെട്ട സ്വത്തുക്കൾ എന്നതുകൊണ്ട് അർഥമാക്കുന്നത്.
വഖഫ് നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള 872,352 സ്ഥാവര വഖഫ് സ്വത്തുക്കളും 16,713 ജംഗമ വഖഫ് സ്വത്തുക്കളും രാജ്യത്തുണ്ടെന്ന് വഖ്ഫ് അസറ്റ് മാനേജ്മെൻ്റ് സിസ്റ്റം ഓഫ് ഇന്ത്യ (WAMSI) പോർട്ടലിനെ ഉദ്ധരിച്ച് ന്യൂനപക്ഷകാര്യ മന്ത്രാലയം സഭയെ അറിയിച്ചു. ഈ പോർട്ടലിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്യാധീനപ്പെട്ട സ്വത്തുക്കളെ കുറിച്ച് ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ആണ് സഭയിൽ മറുപടി നൽകിയത്.
2019 മുതൽ വഖ്ഫ് ബോർഡിന് കേന്ദ്ര സർക്കാർ ഭൂമി നൽകിയിട്ടില്ലെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. നേരത്തേ സംസ്ഥാന സർക്കാരുകൾ അനധികൃതമായി കൈവശപ്പെടുത്തിയ വഖ്ഫ് സ്വത്തുക്കളെ കുറിച്ചുള്ള വിവരങ്ങൾ സംയുക്ത പാർലമെൻ്ററി കമ്മിറ്റി തേടിയിരുന്നു. വഖ്ഫ് നിയമത്തിലെ സെക്ഷ്ഷൻ 40 പ്രകാരം വഖ്ഫ് ബോർഡ് അവകാശപ്പെടുന്ന ഭൂമിയുടെ വിവരങ്ങളാണ് അന്ന് തേടിയത്. ഇതിന് പിന്നാലെയാണ് കേന്ദ്രം കണക്കുകതൾ പുറത്തുവിട്ടത്.