മലപ്പുറം ജില്ലയിൽ ഒരുവർഷത്തിനിടെ ഉണ്ടായ രണ്ടാമത് കസ്റ്റഡിമരണത്തിൻ്റെ അന്വേഷണവും സിബിഐ ഏറ്റെടുത്തു.The CBI has also taken up the investigation into the second custodial death in a year
പാണ്ടിക്കാട് പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ച മൊയ്തീൻ കുട്ടി എന്ന നാൽപതുകാരൻ കുഴഞ്ഞുവീണ് പിന്നീട് ആശുപത്രിയിൽ മരിച്ച കേസാണ് സിബിഐ ഏറ്റെടുത്തത്.
തിരുവനന്തപുരം സ്പെഷൽ ക്രൈംബ്രാഞ്ച് യൂണിറ്റ് പുതിയ എഫ്ഐആർ റജിസ്റ്റർ ചെയ്തു. ഈ വർഷം മാർച്ച് 12നായിരുന്നു മരണം.
2023 ആഗസ്റ്റ് ഒന്നിന് മലപ്പുറം താനൂർ പോലീസ് കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രിയെന്ന യുവാവ് മരിച്ചതായിരുന്നു ഇതിന് മുൻപ് സിബിഐക്ക് വിട്ട കേസ്.
പന്തല്ലൂര്‍ ക്ഷേത്രോത്സവത്തിൻ്റെ ചടങ്ങുകൾക്കിടെ സ്ഥലത്ത് സംഘര്‍ഷം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മൊയ്തീന്‍ കുട്ടി അടക്കം ഏഴ് പേരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
മാർച്ച് 11ന് വൈകുന്നേരം നാലുമണിയോടെ സ്റ്റേഷനില്‍ ഹാജരായ മൊയ്തീന്‍കുട്ടി അഞ്ചുമണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു. പിറ്റേന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.
അസ്വാഭാവിക മരണത്തിന് കേസെടുത്തതിന് പിന്നാലെ രണ്ട് പോലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ആദ്യം ക്രൈംബ്രാഞ്ചിന് വിട്ട കേസ് സിബിഐയെ ഏൽപിക്കാമെന്ന് പിന്നീട് സംസ്ഥാന പോലീസ് മേധാവി ശുപാർശ ചെയ്തിരുന്നു.
പോലീസ് എഫ്ഐആറിലെ വിവരങ്ങൾ തന്നെയാണ് തൽക്കാലം സിബിഐയും ഉൾപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ പ്രതിപ്പട്ടികയിൽ ആരെയും ചേർത്തിട്ടില്ല.
അടുത്തദിവസങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരുടെ പേരുകൾ ചേർത്ത് എഫ്ഐആർ പുതുക്കിനൽകും. കസ്റ്റഡി മരണത്തിന് പിന്നാലെ പാണ്ടിക്കാട് സ്റ്റേഷനിലെ രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.
ഇവരുടെ പേരാകും ആദ്യം പ്രതിസ്ഥാനത്ത് ചേർക്കുക എന്നാണ് അറിയുന്നത്. താനൂർ കസ്റ്റഡിമരണക്കേസ് അന്വേഷണം ഏറ്റെടുത്ത സിബിഐ തൊട്ടുപിന്നാലെ നാലു പോലീസുകാരെ അറസ്റ്റ് ചെയ്തിരുന്നു.