ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താൻ വിജയിച്ചാല്‍ പാവപ്പെട്ടവര്‍ക്ക് വിസ്‌കിയും ബിയറും സബ്‌സിഡി നിരക്കില്‍ നല്‍കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി മഹാരാഷ്ട്രയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വനിത റൗട്ട്. ചന്ദ്രപൂര്‍ ജില്ലയിലെ ചിമൂര്‍ സ്വദേശിയാണ് വനിത റൗട്ട്. അഖില്‍ ഭാരതീയ മാനവതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് ഇവർ. 2019ലും ഇതേ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായാണ് വനിത എത്തിയത്. ഇത്തവണയും പഴയ വാഗ്ദാനവുമായി തന്നെയാണ് വനിത രംഗത്തെത്തിയിരിക്കുന്നത്. ‘‘എല്ലാ ഗ്രാമത്തിലും ബിയര്‍ ബാറുകള്‍. ഇതാണ് എന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം’’ വനിത പറഞ്ഞു. പാവപ്പെട്ടവർക്ക് അല്പമാശ്വാസം ലഭിക്കുന്നത് മദ്യപിക്കുബോഴാണെന്നും എന്നാൽ അവർക്ക് വിലകൂടിയ മദ്യം വാങ്ങാൻ പണമില്ലെന്നും അതിനാലാണ് ഇങ്ങനെയുയര് തീരുമാനം എടുത്തതെന്നുമാണ് അവർ പറയുന്നത്.
തെരഞ്ഞെടുക്കപ്പെട്ടാല്‍ എല്ലാ ഗ്രാമത്തിലും ബിയര്‍ ബാറുകള്‍ തുറക്കുമെന്നും ഇറക്കുമതി ചെയ്ത വിസ്‌കിയും ബിയറും പാവപ്പെട്ടവര്‍ക്ക് എത്തിക്കുമെന്നും ഇവര്‍ പറഞ്ഞു. അതിനായി എംപി ഫണ്ടില്‍ നിന്ന് പണം ചെലവഴിക്കുമെന്നാണ് വനിതയുടെ പ്രഖ്യാപനം.
രാജ്യത്തുല്‍പ്പാദിപ്പിക്കുന്ന മദ്യം അളവില്‍ കൂടുതല്‍ കഴിച്ച് അവര്‍ ബോധരഹിതരാകുന്നു. എന്നാല്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന മദ്യത്തിന്റെ രുചി അവര്‍ അറിയണമെന്നാണ് എന്റെ ആഗ്രഹം,’’ വനിത പറഞ്ഞു. ഇതാദ്യമായല്ല വനിത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാഗ്പൂരില്‍ നിന്ന് വനിത മത്സരിച്ചിരുന്നു. 2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിമൂര്‍ മണ്ഡലത്തില്‍ നിന്നും ഇവര്‍ ജനവിധി തേടിയിരുന്നു. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമേ മദ്യപിക്കാനുള്ള ലൈസന്‍സ് നല്‍കാന്‍ പാടുള്ളുവെന്ന് വനിത പറഞ്ഞു.