അമ്പലവയൽ: രണ്ടുപതിറ്റാണ്ടുമുമ്പ് വെള്ളത്തിൽ മുങ്ങിയ പാലം കാണാൻ സന്ദർശകരുടെ വരവാണിപ്പോൾ. കാരാപ്പുഴ അണക്കെട്ടിൽ ജലം സംഭരിച്ചുതുടങ്ങിയപ്പോഴാണ് നത്തംകുനി പാലം വെള്ളത്തിൽ മുങ്ങിയത്. കഴിഞ്ഞയാഴ്ച അണക്കെട്ടിലെ ജലനിരപ്പ് വലിയതോതിൽ താഴ്ന്നതോടെയാണ് പാലം തെളിഞ്ഞുവന്നത്. ഗൃഹാതുരത്വമുള്ള കാഴ്ചകാണാൻ നിരവധി ആളുകൾ ഇവിടെയെത്തുന്നുണ്ട്.
കാരാപ്പുഴ അണക്കെട്ടിന്റെ കൈവഴികളായ ജലസ്രോതസ്സുകളെല്ലാം കടുത്ത വേനലിൽ വറ്റിയിരുന്നു. വേനൽക്കാലത്ത് ഇടതുകര, വലതുകര കനാലിലൂടെയുള്ള ജലവിതരണമാണ് സാധാരണ നടന്നിരുന്നത്. പുല്പള്ളി, മുള്ളൻകൊല്ലി മേഖലയിൽ വരൾച്ച രൂക്ഷമായതോടെ ചരിത്രത്തിലാദ്യമായി കാരാപ്പുഴ അണക്കെട്ടിലെ വെള്ളം അവിടേക്കൊഴുകുകയായിരുന്നു. ഇതോടെ ഡാമിലെ ജലനിരപ്പ് വീണ്ടും താഴ്ന്നു. ഓർമ്മകളിലെ പഴയ നത്തംകുനി പാലം ഇപ്പോഴും നടക്കാവുന്ന തരത്തിലാണ്. വെള്ളത്തിനടിയിൽ കാലമേറെയായെങ്കിലും പഴയപാലത്തിന് കേടുപറ്റിയിട്ടില്ല. ഇരുവശത്തെയും കൈവരികൾ ഒരു കോട്ടവും തട്ടാതെ ഇപ്പോഴും ഉയർന്നുനിൽക്കുകയാണ്. പാലത്തിലേക്കുള്ള പഴയ പാതയും തെളിഞ്ഞുവന്നതോടെ ഇതൊരു ഗൃഹാതുരത്വത്തിന്റെ സുഖമുള്ള കാഴ്ചയായെന്ന് പ്രദേശവാസികൾ പറയുന്നു. ഇപ്പോൾ പെയ്യുന്ന കനത്ത മഴയിൽ പാലം വീണ്ടും മുങ്ങുമോ എന്ന ആശങ്കയിലാണ് അമ്പലവയലുകാർ.