തിരുവനന്തപുരം: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാൻറെ മൃതദേഹം നാട്ടിലെത്തിച്ചു.The body of the Malayali jawan who died a heroic death in the Maoist attack was brought home
തിരുവനന്തപുരം പാലോട് നന്ദിയോട് ചെറ്റച്ചൽ ഫാം ജങ്ഷനിൽ അനിഴം ഹൗസിൽ ജി. രഘുവരന്റെയും അജിതകുമാരിയുടെയും മകൻ ആർ വിഷ്ണുവിന്റെ മൃതദേഹമാണ് ഇന്നു പുലർച്ചെ ഒന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്.
മേയർ ആര്യ രാജേന്ദ്രൻറെ നേതൃത്വത്തിൽ ഏറ്റുവാങ്ങിയ ഭൗതിക ശരീരത്തിൽ സി.ആർ.പി.എഫ്. ജവാന്മാർ അന്തിമോപചാരം അർപ്പിച്ചു. തിരുവനന്തപുരത്തുനിന്ന് മൃതദേഹം വിഷ്ണുവിന്റെ പാലോട് നന്ദിയോടുള്ള വീട്ടിലേക്ക് കൊണ്ടുപോയി.
പാങ്ങോട് സൈനിക കേന്ദ്രത്തിലെ മോർച്ചറിയിൽ എത്തിച്ച ശേഷമാണ് മൃതദേഹം പുലർച്ചയോടെ താന്നിമൂട്ടിലെ വീട്ടിലേക്ക് കൊണ്ടുപോയത്.
പത്ത് മണിവരെ വീട്ടിലും തുടർന്ന് നന്ദിയോട് ജംങ്ഷനിലും വിഷ്ണു പഠിച്ച സ്കൂളിലും പൊതുദർശനമുണ്ടാകും. 12 മണിക്കാണ് സംസ്കാരം.
ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ മാവോവാദികൾ കുഴിച്ചിട്ട ഐ.ഇ.ഡി. പൊട്ടിത്തെറിച്ചാണ് വിഷ്ണു ഉൾപ്പെടെ രണ്ട് സി.ആർ.പി.എഫ്. ജവാന്മാർ വീരമൃത്യുവരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. ഉത്തർപ്രദേശിൽനിന്നുള്ള ശൈലേന്ദ്രയാണ് മരിച്ച മറ്റൊരു ജവാൻ.
വിഷ്ണു സി.ആർ.പി.എഫിൽ ഡ്രൈവറായിരുന്നു. ശ്രീചിത്ര മെഡിക്കൽ കോളേജിൽ നഴ്സായ നിഖിലയാണ് ഭാര്യ. മക്കൾ നിർദേവ് (ഏഴുവയസ്സ്), നിർവിൻ (മൂന്നുവയസ്സ്).