ലാത്വിയയിലെ തടാകത്തിൽ കഴിഞ്ഞ വ്യാഴാഴ്ച കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ആനച്ചാൽ അമ്പലത്തിനു സമീപം അറയ്ക്കൽ ഷിന്റോയുടെ മകൻ ആൽബിനാണ് (19) മരിച്ചത്. സഹപാഠികൾ മീൻപിടിത്തക്കാരുടെ ബോട്ടിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. (The body of a student who went missing last Thursday was found in a lake in Latvia)
മൃതദേഹം റിഗയിലെ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇവിടെ ഇന്ത്യൻ എംബസിയില്ലാത്തതിനാൽ തൊട്ടടുത്ത രാജ്യമായ സ്വീഡനിലെ എംബസി വഴി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.
കഴിഞ്ഞയാഴ്ച കൂട്ടുകാരുമൊത്തു കുളിക്കാനെത്തിയ ആൽബിനെ വ്യാഴാഴ്ച വൈകിട്ടു കാണാതാവുകയായിരുന്നു. തടാകത്തിന്റെ മറുകരയിലേക്കു നീന്തി പോയ സുഹൃത്തുക്കൾക്കു പിന്നാലെ നീന്തിയ ആൽബിൻ മറുകരയെത്താറായപ്പോൾ കുഴഞ്ഞു പോകുകയായിരുന്നു എന്നാണു കരുതുന്നത്. ആറു മാസം മുൻപാണു ആൽബിൻ പഠനത്തിനായി ലാത്വിയയിൽ എത്തിയത്.