ഡൽഹി: അനധികൃതമായി യുഎസിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരെ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. ഒരു രാജ്യത്ത് അനധികൃതമായി പ്രവേശിക്കുന്ന ആർക്കും അവിടെ ജീവിക്കാൻ അവകാശമില്ലെന്നും ഇത് ലോകത്തിന് മുഴുവൻ ബാധകമാണെന്ന് നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. മാധ്യമ പ്രവർത്തകന് നൽകിയ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യക്കാരെ കൈകാലുകൾ ബന്ധിച്ച് സൈനിക വിമാനത്തിൽ അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തി ഒരാഴ്ച്ചക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന. ഇന്ത്യയിലെ യുവാക്കളും, ദുർബലരും ദരിദ്രരുമായ ആളുകൾ പറ്റിക്കപ്പെടുകയാണ്.
വലിയ വാഗ്ദാനങ്ങൾ കണ്ട് ആകർഷിക്കപ്പെടുന്ന വളരെ സാധാരണ കുടുംബങ്ങളിലെ കുട്ടികളാണ് ഇവരെന്നും. എന്തിനാണ് കൊണ്ടുവരുന്നതെന്ന് പോലും അറിയാതെയാണ് ഇത്തരക്കാരിൽ പലരും എത്തിപ്പെടുന്നതെന്നും അദ്ദേഹം വിശദമാക്കി.
മനുഷ്യക്കടത്ത് ശൃംഖല അവസാനിപ്പിക്കാൻ ഇന്ത്യയും യുഎസും സംയുക്ത ശ്രമങ്ങൾ നടത്തണമെന്നും, ഞങ്ങളുടെ ഏറ്റവും വലിയ പോരാട്ടം ഈ മുഴുവൻ ശൃംഖലക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുമായി പൂർണ്ണമായി സഹകരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.