സൗഹൃദം നടിച്ച് വീട്ടമ്മയെ പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയും 10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ 24 കാരൻ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ സജിൻ ദാസാണ് പിടിയിലായത്. The 30-year-old housewife was taken to many places and tortured and robbed of Rs 10 lakh
പത്തനംതിട്ട കവിയൂർ സ്വദേശിയായ 30 കാരിയായ വീട്ടമ്മയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കവിയൂരിലെ വാടക വീട്ടിൽ നിന്നാണ് സജിൻ ദാസിനെ പിടികൂടിയത്. ഇയാളുടെ മൊബൈൽഫോണും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മേസ്തിരി പണിക്കായി മൂന്ന് വർഷം മുൻപ് കവിയൂരിൽ എത്തിയതാണ് കന്യാകുമാരി മാങ്കോട് സ്വദേശി സജിൻദാസ്. പണിക്കിടെ, 30 കാരി വീട്ടമ്മയുമായി പരിചയത്തിലായി. സൗഹൃദത്തിലായതോടെ, സജിൻ ദാസ് യുവതിയെ കൂട്ടി പളനിയിലും വേളാങ്കണ്ണിയിലും പോയി. ഇവിടങ്ങളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി.
ഒപ്പം പണം തട്ടിയെടുക്കുകയും ചെയ്തു. അടുത്ത സുഹൃത്തായ പെൺകുട്ടിയുടെ അർബുദ ചികിത്സയ്ക്ക് സഹായിക്കണമെന്ന തരത്തിലായിരുന്നു പണം ആവശ്യപ്പെട്ടത്. പലപ്പോഴായി 10 ലക്ഷം രൂപ കൈമാറിയെന്നും പണം തിരികെ നൽകാതെ വഞ്ചിച്ചുവെന്നുമാണ് പരാതി.
പീഡനവും ഭീഷണിയും അസഹ്യമായതോടെ യുവതി ഭർത്താവിനോട് കാര്യങ്ങൾ തുറന്നുപറയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.