പതിനാറാം ധനകാര്യ കമ്മിഷന്‍ ഇന്ന് സംസ്ഥാനത്തെത്തും. ധനകാര്യ കമ്മിഷന്‍ ചെയര്‍മാന്‍ ഡോ. അരവിന്ദ് പനഗാരിയയും കമ്മിഷന്‍ അംഗങ്ങളും മൂന്നുദിവസമാണ് കേരളത്തിലെ സന്ദര്‍ശനത്തിനായി നീക്കിവെച്ചിരിക്കുന്നത്. പതിനാറാം ധനകാര്യ കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കുന്നതിനുള്ള പഠനയാത്രയുടെ ഭാഗമായാണ് കമ്മീഷന്റെ കേരളസന്ദര്‍ശനം.
ഇന്നു ഉച്ചയ്ക്ക് കൊച്ചിയിലെത്തുന്ന സംഘത്തെ സംസ്ഥാനധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും.
ധനകാര്യ കമ്മിഷന്‍ മുമ്പാകെ കേരളത്തിന്റെ ആവശ്യങ്ങള്‍ മുന്‍കൂട്ടി അവതരിപ്പിക്കാനും അര്‍ഹതപ്പെട്ട സാമ്പത്തിക അവകാശങ്ങളെല്ലാം നേടിയെടുക്കാനും കൃത്യമായ മുന്നൊരുക്കങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. കമ്മിഷന്റെ റിപ്പോര്‍ട്ടിനും സംസ്ഥാനങ്ങള്‍ക്കുള്ള ധനവിഹിതം സംബന്ധിച്ച തീര്‍പ്പുകള്‍ക്കും വലിയ പ്രധാന്യമാണുണ്ടെന്ന് വിദഗ്ദർ പറയുന്നു.
പകല്‍ 11.30 മുതല്‍ സംസ്ഥാന ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. കെ എന്‍ ഹരിലാല്‍, ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അസോസിയേഷനുകള്‍, ചേമ്പര്‍ ഓഫ് മുന്‍സിപ്പല്‍ ചെയര്‍മാന്‍, മേയേഴ്‌സ് കൗണ്‍സില്‍ പ്രതിനിധികള്‍ തുടങ്ങിയവരുമായാണ് ചര്‍ച്ച നടത്തുന്നത്. ഉച്ചയ്ക്കുശേഷം 12.45 മുതല്‍ വ്യാപാരി, വ്യവസായി പ്രതിനിധികളുമായും 1.45 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായാണ് കൂടികാഴ്ച. തുടര്‍ന്ന് കമീഷന്‍ ചെയര്‍മാന്‍ വാര്‍ത്താ സമ്മേളനം നടത്തും.
അഞ്ചുവര്‍ഷ കാലായളവില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട ഭരണഘടനപരമായ സാമ്പത്തിക പിന്തുണ സംബന്ധിച്ച തീര്‍പ്പുകള്‍ നിശ്ചയിക്കുന്നതാണ് ധനകാര്യ കമ്മിഷന്റെ ചുമതല. 2026 ഏപ്രില്‍ ഒന്നുമുതലാണ് ഇപ്പോഴത്തെ കമ്മിഷന്റെ ശുപാര്‍ശ പ്രകാരമുള്ള ധനവിഹിതം കേരളത്തിന് ലഭിച്ചു തുടങ്ങുക