തിരുവനന്തപുരം: തുടർച്ചയായ നാലാംദിവസവും ഉഷ്ണതരംഗത്തിൽനിന്ന് മോചനമില്ലാതെ പാലക്കാട്. തിങ്കളാഴ്ച തൃശ്ശൂരും ഉഷ്ണതരംഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലത്ത് ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് പുതിയ മുന്നറിയിപ്പ്.
ആലപ്പുഴയിൽ മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും താപനില ശരാശരിയിൽനിന്ന് 4.6 ഡിഗ്രിവരെ ഉയർന്നുനിൽക്കുകയാണിവിടെ. ചൊവ്വാഴ്ചയും ഇതേനില തുടർന്നാൽ ഇവിടെയും ഉഷ്ണതരംഗം പ്രഖ്യാപിക്കേണ്ടിവരും. എന്നാൽ ആലപ്പുഴയിൽ പലേടത്തും നേരിയതോതിൽ മഴ പെയ്യുന്നതിനാൽ സാഹചര്യം മാറാനും ഇടയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിനെ വിശകലനം’ ശരാശരിയിലും മൂന്നര ഡിഗ്രിയിലേറെ ചൂട് തുടർച്ചായി കൂടിനിൽക്കുന്നതിനാൽ പല ജില്ലകളിലും അതിജാഗ്രത വേണ്ട സാഹചര്യമാണിപ്പോൾ.
ഉഷ്ണതരംഗത്തിന്റെ തീവ്രത കൂടിയതോടെ പാലക്കാടിന് ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിർദേശവും നൽകി. മേയ് രണ്ടുവരെ മെഡിക്കൽ കോളേജുകൾ ഒഴികെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടണമെന്നും ട്യൂഷൻ ക്ലാസുകളുൾപ്പെടെ പ്രവർത്തിക്കരുതെന്നും ദുരന്തനിവാരണ അതോറിറ്റി ചെയർമാൻകൂടിയായ കളക്ടർ ഇന്നലെ ഉത്തരവിട്ടു.