വീട്ടിലെ മുറിയിൽ മധ്യവയസ്കയായ വീട്ടമ്മ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന പോലീസ്. കഴിഞ്ഞദിവസം തിരുവനന്തപുരം മാറനല്ലൂരിൽ ആണ് സംഭവം. കൂവളശ്ശേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന 58 കാരിയായ ജയ ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ അമ്മയെ സ്ഥിരമായി മർദ്ദിക്കുമായിരുന്നു എന്ന നാട്ടുകാരുടെ മൊഴിയിൽ മകൻ ബിജു കെ നായരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പോസ്റ്റുമോർട്ടത്തിൽ നെഞ്ചിലേറ്റ ക്ഷതമാണ് മരണകാരണം എന്ന് വ്യക്തമായതോടെയാണ് മകനെ പ്രതിചേർത്തത്.
സ്ഥിരം മദ്യപാനിയായ മകൻ ബിജു ജയയെ എന്നും മർദ്ദിക്കുമായിരുന്നു. ജയയും മകൻ ബിജുവും മാത്രമായിരുന്നു കൂവളശ്ശേരി ക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ താമസിച്ചിരുന്നത്. നിലവിളികേട്ട് പലവട്ടം നാട്ടുകാർ ഓടിയെത്തി പോലീസിൽ അറിയിക്കാൻ ആവശ്യപ്പെട്ടെങ്കിലും ജയ സമ്മതിച്ചിരുന്നില്ല. ഇതേ തുടർന്ന് നാട്ടുകാർ ഇവിടേക്ക് ശ്രദ്ധിക്കാറില്ലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 10:00 നോടടുത്താണ് ജയയെ വീട്ടിൽ ബോധമില്ലാത്ത നിലത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇതോടെ നാട്ടുകാർ പച്ചക്കറി കടയിൽ ജോലിക്ക് നിൽക്കുന്ന മകൻ ബിജുവിനെയും പോലീസിനെയും വിവരം അറിയിച്ചു. ആദ്യം സ്ഥലത്തെത്തിയ ബിജു പോലീസ് എത്തുന്നതിനു മുൻപേ ജയയെ എടുത്ത് കട്ടിലിൽ കിടത്തി. പിന്നാലെ പോലീസ് എത്തി മരണം സ്ഥിരീകരിച്ചു. ഇതിനിടെ ബിജു അമ്മയെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്ന വിവരം നാട്ടുകാർ പോലീസിനെ അറിയിച്ചു. ഇതോടെ ബിജുവിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ജയയുടെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റതായി കണ്ടെത്തി. കഴുത്തിലും മുഖത്തും എല്ലാം മർദ്ദനമേറ്റ പാടുകൾ ഉണ്ട്. ഇതോടെ ജയൻ അമ്മയെ കൊലപ്പെടുത്തുകയായിരുന്നു എന്ന നിഗമനത്തിൽ പോലീസ് എത്തി.