കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കൊലപാതക കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. കോഴിക്കോട് ജില്ലാ കോടതിയാണ് വിധി പറയുക.
കേസിൽ കുട്ടി കുറ്റവാളികൾക്ക് ജാമ്യം നൽകിയാൽ കൂടുതൽ കുറ്റകൃത്യങ്ങളിലേക്ക് പോകാൻ സാധ്യത ഉണ്ടെന്നും അപൂർവങ്ങളിൽ അപൂർവമായ കേസിൽ കുറ്റാരോപിരായവർക്ക് ജാമ്യം നൽകരുത് എന്നുമാണ് ഷഹബാസിൻ്റെ കുടുംബത്തിൻ്റെ വാദം. ആക്രമണത്തിന് ശേഷം വിദ്യാർഥികൾ തമ്മിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സന്ദേശങ്ങളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
ഗോകുലം ഗോപാലന് വീണ്ടും ഇ ഡി നോട്ടീസ്
കൊച്ചി: വ്യവസായിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലനു വീണ്ടും നോട്ടീസ് നൽകി ഇ ഡി. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്. നേരിട്ട് എത്തുകയോ പ്രതിനിധിയെ അയക്കുകയോ ചെയ്യാമെന്നും ഇഡി അറിയിച്ചു.
ഇന്നലെ ചോദ്യം ചെയ്യലിനായി കൊച്ചി ഇ ഡി ഓഫീസിൽ ഗോകുലം ഗോപാലൻ ഹാജരായിരുന്നു. 6 മണിക്കൂറോളം ആണ് ഇന്നലെ ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. ഗോകുലം ഗോപാലനെതിരായ ഇഡി അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം ഹാജരാക്കിയ രേഖകളിലും മൊഴികളിലുമുള്ള പരിശോധനയാണ് നടക്കുന്നത്. 595കോടി രൂപയുടെ ഫെമ ചട്ടലംഘനം പ്രാഥമികമായി ഇഡി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കൂടുതൽ തുകയിൽ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.









