കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച നഞ്ചക് കണ്ടെത്തി. ഒന്നാം പ്രതിയായ വിദ്യാർത്ഥിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് നഞ്ചക്ക് കണ്ടെത്തിയത്. പ്രതികൾ കഴിഞ്ഞവർഷവും വിദ്യാർത്ഥികളെ ആക്രമിച്ച ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഷഹബാസ് കൊലക്കേസിലെ പ്രതികളായ അഞ്ച് പേരുടെ വീടുകളിലാണ് ഒരേ സമയമാണ് പരിശോധന നടന്നത്. ഒന്നാം പ്രതിയുടെ വീട്ടിൽ 11 മണിയോടെ അന്വേഷണസംഘം എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് മാതാപിതാക്കളെ വിളിച്ചുവരുത്തിയ ശേഷം നടത്തിയ റെയ്ഡിലാണ് നഞ്ചക് കണ്ടെത്തിയത്.
മറ്റിടങ്ങളിൽ നിന്നും നാല് മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ആളുകളുടെ പങ്ക് കണ്ടെത്താനായി പൊലീസ് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചുവരികയാണ്.