ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കത്വയിലെ ഗ്രാമപ്രദേശത്ത് ചൊവ്വാഴ്ച വൈകിട്ട് ഭീകരര്‍ വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. കത്വ ജില്ലയിലെ ഹിരാനഗർ മേഖലയിലെ സൈദ ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നത്. വെടിയുതിര്‍ത്തതിന് ശേഷം ഭീകരര്‍ വനത്തിലേക്ക് ഓടി രക്ഷപ്പെട്ടതായാണ് വിവരം. (Militant killed in security forces operation after terrorist attack in J&K’s Kathua)
സൈന്യം ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. പ്രദേശം സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്. കൂറ്റ പഞ്ചായത്ത് മേഖലയിലാണ് വെടിവയ്പ് നടന്നത്. നുഴഞ്ഞുകയറ്റ ശ്രമത്തിന്റെ ഭാഗമായാണ് വെടിയുതിര്‍ത്തതെന്നും കരുതുന്നു.
വെടിയുതിര്‍ത്ത സംഘത്തില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നതെന്നാണ് സൂചന. വിവരമറിഞ്ഞ ഉടന്‍ തന്നെ സൈന്യവും പൊലീസും സ്ഥലത്തെത്തി. വനമേഖല കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന്റെ മറ്റ് വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
രണ്ട് ദിവസം മുമ്പ് ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ബസ്, രജൗരി ജില്ലയുടെ അതിർത്തിയായ റിയാസി ജില്ലയിലെ പൗനി പ്രദേശത്തെത്തിയപ്പോഴായിരുന്നു ആക്രമണം.
ഭീകരര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായി. തുടര്‍ന്ന് ബസ് കൊക്കയിലേക്ക് മറിഞ്ഞു. ജമ്മു കശ്മീർ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ ആക്രമണത്തെ അപലപിക്കുകയും പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
“റിയാസിയിൽ ഒരു ബസിനുനേരെയുണ്ടായ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് എൻ്റെ അനുശോചനം. ഭീകരരെ വേട്ടയാടാൻ ഞങ്ങളുടെ സുരക്ഷാ സേനയും ജെകെപിയും സംയുക്ത ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്,” – മനോജ് സിൻഹ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
Read More: പഠനം ഇനിയത്ര എളുപ്പമാകില്ല…! സർക്കാർ ജീവനക്കാരുടെ ഉപരി പഠനത്തിന് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി