ശ്രീനഗര്‍: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഗുന്ദ് മേഖലയിലെ നിര്‍മാണസ്ഥലത്ത് താമസിക്കുന്നവരുടെ ക്യാമ്പുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. കുടിയേറ്റ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.(Terror attack on labor camp in Jammu and Kashmir; Two people were killed)
രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു എന്നാണ് വിവരം. മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്വകാര്യകമ്പനിയുടെ ഉടമസ്ഥതയിലുള്ള തുരങ്ക നിര്‍മാണ സ്ഥലമാണ് ഇത്. തൊഴിലാളിളുടെ മരണത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി. നിഷ്‌കളങ്കരായ തൊഴിലാളികള്‍ക്ക് നേര്‍ക്കുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം എക്‌സില്‍ കുറിച്ചു.
വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ ബിഹാറില്‍ നിന്നുള്ള മറ്റൊരു തൊഴിലാളിയുടെ മൃതദേഹം കഴിഞ്ഞദിവസം ഷോപ്പിയാനില്‍ നിന്ന് കണ്ടെത്തിയിരുന്നു. ആക്രമണത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞിരുന്നു.