പെരുമ്പാവൂർ: പത്ത് വയസുകാരി കൈകൾ ബന്ധിച്ചു വേമ്പനാട്ട് കായൽ നീന്തിക്കടന്നത് 4 മിനിറ്റുകൊണ്ട്. രായമംഗലം ചിറപ്പടി സുമേഷ് നായരുടെയും നീതുവിന്റെയും മകൾ വൈഗ സുമേഷാണ് താരം. പെരുമ്പാവൂർ വിമല സെൻട്രൽ സ്കൂളിലെ 5 -ാംക്ലാസ് വിദ്യാർത്ഥിനിയാണ് വൈഗ സുമേഷ്. ഒരു മണിക്കൂർ 4 മിനിറ്റ് കൊണ്ടാണ് കൈകൾ ബന്ധിച്ചു ഏഴ് കിലോമീറ്റർ നീന്തിക്കടന്നത്. രാവിലെ 8.19ന് ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലക്കടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയാണ് നീന്തിയത്. നീന്തൽ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചത്. കൈകൾ ബന്ധിച്ച് ഏഴു കിലോമീറ്റർ നീന്തി കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയും ഏറ്റവും വേഗത്തിൽ ചെയ്ത വ്യക്തിയും ആദ്യത്തെ പെൺകുട്ടിയും എന്ന റെക്കോഡാണ് വൈഗ നേടിയത്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിലെ ബിജു തങ്കപ്പൻ ആണ് പരിശീലകൻ. അനുമോദന സമ്മേളനം പെരുമ്പാവൂർ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സീനി റോസ് ഉദ്ഘാടനം ചെയ്തു. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ. പി. അജയകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫസർ ഡോ: സിസ്റ്റർ നോയൽ റോസ്, സ്മിത അനിൽകുമാർ, കെ,എസ്. സിയാദ് എന്നിവർ സംസാരിച്ചു.
