മഹാശിവരാത്രി ആഘോഷത്തിനൊരുങ്ങി ക്ഷേത്രങ്ങൾ. എല്ലാ ഹൈന്ദവ വിശ്വാസികളും ശിവരാത്രി ആഘോഷിക്കുവാനുള്ള ഒരുക്കത്തിലാണ്. ശിവരാത്രി ദിനത്തിൽ ശിവനെ പൂജിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തിലും കുടുംബത്തിലും സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. ക്ഷേത്രങ്ങളിൽ ഇന്നേ ദിവസം സവിശേഷ വഴിപാടുകളും പൂജാ കർമ്മങ്ങളും നടത്തുന്നു. ശിവന് ഇഷ്ടപ്പെട്ട വഴിപാടുകൾ നടത്തുന്നതിലൂടെ ഭഗവാന്റെ അനുഗ്രഹവും കൃപയും ജീവിതത്തിലുടനീളം പ്രകാശിക്കുമെന്നാണ് വിശ്വാസം. ആലുവാപ്പുഴയുടെ തീരത്തെ വിശാലമായ മണപ്പുറത്തു പിതൃമോക്ഷകർമങ്ങൾക്കായി ഇന്നു വൻ ജനാവലി എത്തും.
മഹാദേവ ക്ഷേത്രത്തിൽ രാവിലെ ലക്ഷാർച്ചനയോടെ ചടങ്ങുകൾ ആരംഭിക്കും. കെഎസ്ആർടിസി, കൊച്ചി മെട്രോ എന്നിവയും റെയിൽവേയും ഇന്നും നാളെയും പ്രത്യേക സർവീസുകൾ നടത്തും. മാർച്ച് എട്ട്, വെള്ളിയാഴ്ച്ച രാത്രി 11.30 വരെ ആലുവയിൽ നിന്നും തൃപ്പൂണിത്തുറ ടെർമിനലിൽ നിന്നും സർവ്വീസ് ഉണ്ടായിരിക്കുന്നതാണ്. രാത്രി 10.30 ന് ശേഷം 30 മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്തും. മാർച്ച് 9ന് പുലർച്ചെ 4.30 മുതൽ കൊച്ചി മെട്രോ സർവ്വീസ് ആരംഭിക്കും. പുലർച്ചെ 4.30 മുതൽ രാവിലെ 6 മണിവരെ 30 മിനിറ്റ് ഇടവിട്ടാണ് സർവ്വീസ് നടത്തുക. അർധരാത്രി ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞാണു ബലിതർപ്പണം ഔപചാരികമായി തുടങ്ങുക.









