ഹൈദരാബാദ്: തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചിട്ടും അല്ലു അർജുന് ഇന്നലെ കഴിയേണ്ടി വന്നത് ചഞ്ചൽഗുഡ ജയിലിൽ.നടൻ അല്ലു അർജുൻ ഇന്ന് ജയിൽ മോചിതനാകും.
ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിൻറെ ഒപ്പിട്ട പകർപ്പ് കിട്ടാത്തതിനെ തുടർന്നാണ് ജാമ്യം ലഭിച്ചിട്ടും താരത്തിന് ഒരു രാത്രിയിൽ ജയിലിൽ കഴിയേണ്ടി വന്നത്. പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസിൽ ഇന്നലെയാണ് അല്ലു അർജുനെ വീട്ടിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ പിടിയിലായ താരത്തെ, ഹൈദരാബാദിലെ നാന്പള്ളി മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ തന്നെ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. വൈകീട്ടോടെ പുറത്തിറങ്ങാനാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഉത്തരവ് വരാൻ വൈകിയത് തിരിച്ചടിയായി.
അല്ലു അർജുൻറെ അറസ്റ്റിൽ കടുത്ത പ്രതിഷേധവുമായി ആരാധക കൂട്ടായ്മ രംഗത്തെത്തിയിട്ടുണ്ട്. തെലങ്കാനയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. അല്ലു അർജുൻറെ അറസ്റ്റിൽ പുകയുകയാണ് തെലങ്കാന രാഷ്ട്രീയവും തെലുങ്ക് സിനിമാ ലോകവും. സർക്കാർ നടപടിക്കെതിരെ ബിആർഎസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. തെലുങ്ക് സിനിമ മേഖലയിലുള്ളവരും കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രംഗത്തെത്തിയിരുന്നു. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രിയുടെ പ്രതികരണം. അല്ലു അർജുൻറെ മനുഷ്യാവകാശത്തെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നുണ്ട് പക്ഷെ മരിച്ച സ്ത്രീക്ക് മനുഷ്യാവകാശങ്ങൾ ഉണ്ടായിരുന്നില്ലേയെന്നും രേവന്ത് റെഡ്ഡി ചോദിച്ചു. അവരുടെ മകനും ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണെന്നും അതേക്കുറിച്ച് ആരും സംസാരിക്കാത്തത് എന്താണെന്നും രേവന്ത് റെഡ്ഡി ചോദിച്ചു.