ഇടുക്കി കൊച്ചുതോവാള നിരപ്പേൽക്കയിൽ മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം വീട്ടമ്മയെ കയറിപ്പിടിച്ച യുവാവിനെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു. മോഷണ ശ്രമമാണെന്ന് തുടക്കത്തിൽ സംശയിച്ച പോലീസ് യുവാവിന്റെ ഫോൺ പരിശോധിച്ചതോടെ അയൽവാസിയായ ആന്റിയെ എങ്ങിനെ പീഡിപ്പിയ്ക്കാം എന്നുൾപ്പെടെ ഗൂഗിളിൽ സെർച്ച് ചെയ്തതായി കണ്ടെത്തി. വീട്ടമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തു.
ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് കട്ടപ്പന സ്വദേശിനിയായ 30 കാരിക്ക് നേരെ അക്രമണം ഉണ്ടായത്. യുവതിയും ഭർത്താവും മാത്രമാണ് ഇവിടെ താമസം. ഭർത്താവ് കട്ടപ്പനയിൽ ജോലിസ്ഥലത്തായിരുന്നതിനാൽ യുവതി തനിച്ചാണ് വീട്ടിലുണ്ടായിരുന്നത്. ആരോ വിളിച്ചപ്പോൾ ഭർത്താവ് ആണെന്നു കരുതി യുവതി വാതിൽ തുറന്നയുടൻ അക്രമി മുഖത്തു മുളക് പൊടി വലിച്ചെറിഞ്ഞ ശേഷം ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ചെറുത്തു നിന്ന യുവതിയെ കീഴ്പ്പെടുത്താനാകുന്നില്ലന്ന് കണ്ടതോടെ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. യുവതിയും ഭർത്താവും കട്ടപ്പന പൊലീസിൽ പരാതി നൽകി. പൊലീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തത്. പ്രായപൂർത്തിയാകാത്തതിനാൽ നോട്ടീസ് നൽകി രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. ജ്യുവനൈൽ ആക്ട് പ്രകാരം തുടർ നടപടികൾ സ്വീകരിക്കുമെന്നു പോലീസ് പറഞ്ഞു.