വിഎസിനെ അധിക്ഷേപിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. നഗരൂര്‍ നെടുംപറമ്പ് സ്വദേശിയായ വി. അനൂപിനെയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.
അച്ചടക്ക നടപടിയുടെ ഭാഗമായി അന്വേഷണ വിധേയനായതിനെ തുടർന്നാണ് നടപടി. തിരുവനന്തപുരം ആറ്റിങ്ങല്‍ ഗവണ്മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനാണ് സസ്പെൻഷനിലായ അനൂപ്.
വി.എസിന്റെ മരണ വാര്‍ത്ത പുറത്തു വന്ന സമയത്ത് അധിക്ഷേപിച്ചു കൊണ്ടാണ് അനൂപ് വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ നടപടി
കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് റിജോ ജോണിനെ സസ്‌പെൻഡ് ചെയ്തു. ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായയാണ് റിജോ ജോണിനെ സസ്‌പെൻഡ് ചെയ്തത്.
നേരത്തെ മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. ഗോവിന്ദച്ചാമി ജയിൽ ചാടിയ രാത്രി ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡെപ്യൂട്ടി പ്രിസൺ ഓഫീസർ രജീഷ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ സഞ്ജയ്, അഖിൽ എന്നിവരെയാണ് നേരത്തെ സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ വ്യക്തമാക്കിയിരുന്നു.
അതിനിടെ ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയ ജയിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.
കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസറായ അബ്ദുൽ സത്താറിനെയാണ് സസ്‌പെൻഡ് ചെയ്തത്.
അബ്ദുൽ സത്താർ മാധ്യമങ്ങൾക്ക് വാര്‍ത്ത നല്‍കിയതു വഴി ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും മറ്റുള്ള ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുകയും ചെയ്തുവെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.
ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
നേരത്തെ കണ്ണൂർ ജയിലിൽ ജോലി നോക്കവെ ഉണ്ടായ അനുഭവങ്ങളാണ് അബ്ദുൾ സത്താർ മാധ്യമങ്ങളോട് പങ്കുവച്ചത്.
വിപഞ്ചികയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്
കൊല്ലം: ഷാര്‍ജയിലെ വിപഞ്ചികയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ഭര്‍ത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു ബേണി, അച്ഛന്‍ മോഹനന്‍ എന്നിവര്‍ക്കെതിരെ കൊല്ലത്ത് റജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് അന്വേഷണം നടത്തുക.
ജൂലൈ 9നാണ് കൊല്ലം കേരളപുരം സ്വദേശിയായ വിപഞ്ചിക, ഒന്നര വയസ്സുള്ള മകള്‍ വൈഭവി എന്നിവരെ ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിപഞ്ചിക സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ആത്മഹത്യക്കുറിപ്പ് വഴിയാണ് ഭര്‍തൃകുടുംബത്തില്‍ നിന്ന് വിപഞ്ചിക നേരിട്ട പീഡനങ്ങള്‍ പുറം ലോകമറിഞ്ഞത്.
മകളുടെ മരണത്തിൽ നാട്ടില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും വിപഞ്ചികയുടെ കുടുംബം പരാതി നല്‍കിയിരുന്നു.
വിപഞ്ചികയുടെ അമ്മയുടെ പരാതിയില്‍ കുണ്ടറ പൊലീസാണ് കേസെടുത്തത്. ഭര്‍ത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു ബേണി, അച്ഛന്‍ മോഹനന്‍ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി നൽകിയിരുന്നത്.
തുടര്‍ന്ന് ഇവരെ പ്രതികളാക്കി സ്ത്രീധന പീഡന മരണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.
കേസിന്റെ ഗൗരവം അടക്കമുള്ള കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് കുണ്ടറ പൊലീസ് തന്നെ കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറണം എന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് റൂറല്‍ എസ്പിക്ക് കൈമാറിയിരുന്നു.
അതിനിടയിലാണ് ഈ കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കുകയായിരുന്നു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക.
Summary: Teacher V. Anoop from Nedumparambu, Nagaroor, has been suspended by the Director of Public Education for making derogatory remarks on social media about late former Chief Minister V. S. Achuthanandan.