മൂന്നാറിൽ മന്ത്രി ഗണേഷ്‌കുമാറിന്റെ നിർദേശ പ്രകാരം വാഹനപരിശോധന നടത്തിയ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് ഒരുവിഭാഗം ഡ്രൈവർമാർ. ഡ്രൈവർമാരെ ദുരിതത്തിലാക്കുന്ന അനാവശ്യ പരിശോധനയാണ് നടത്തുന്നത് എന്നാരോപിച്ചാണ് എം.വി.ഡി.യുടെ വാഹനം തടഞ്ഞത്.
എന്നാൽ നിയമപ്രകാരമാണ് പരിശോധന നടത്തിയതെന്നും ഇൻഷുറൻസ്, ലൈസൻസ്, ഫിറ്റ്നസ്, പെർമിറ്റ് തുടങ്ങിയ രേഖകളില്ലാത്ത വാഹനങ്ങൾക്കാണ് പിഴ ചുമത്തിയതെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കും. കെ.എസ്.ആർ.ടി.സി.യുടെ ഡബിൾഡെക്കർ, ഉല്ലാസയാത്ര സർവീസുകൾക്കെതിരേ പ്രതിഷേധവുമായി പ്രദേശത്തെ ടാക്‌സി മാഫിയയും ഒരു വിഭാഗം ഡ്രൈവർമാരും രംഗത്ത് വന്നിരുന്നു.
ഇവർ മന്ത്രി ഗണേഷ് കുമാറിനെ കരിങ്കൊടി കാണിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് മന്ത്രി കർശന പരിശോധനയ്ക്ക് നിർദേശം നൽകിയത്. മൂന്നാറിലും പരിസരത്തും ടാക്‌സി മാഫിയയുടെ സ്വാധീനം അതിശക്തമാണ്. അമിത കൂലി ഈടാക്കുന്ന അവർ സഞ്ചാരികളെ ഉൾപ്പെടെ ആക്രമിക്കുന്നതും പതിവാണ്.