അങ്കമാലി: ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. അങ്കമാലി തുറവൂർ പുല്ലാനി മേനാച്ചേരി വീട്ടിൽ യാക്കോബിന്‍റെ മകൻ വർഗീസാണ് (48) മരിച്ചത്. മഞ്ഞപ്രയിൽ നിന്ന് കരിങ്കല്ല് കയറ്റി വന്ന ടോറസ് മുന്നിൽ സഞ്ചരിച്ച ഓട്ടോയെ മറികടക്കുന്നതിനിടെ ഇടിച്ചിടുകയായിരുന്നു. റോഡിൽ തെറിച്ച് വീണ വർഗീസിനെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അങ്കമാലി – മഞ്ഞപ്ര റോഡിൽ കിടങ്ങൂര്‍ പെട്രോൾ ബങ്കിന് സമീപം ഇന്ന് ഉച്ചക്ക് ഒന്നിനായിരുന്നു അപകടം.
പീച്ചാനിക്കാട് സെന്‍റ് സേവ്യേഴ്സ് പബ്ലിക് സ്കൂൾ അധ്യാപിക അങ്കമാലി പന്തപ്ലാക്കൽ കുടുംബാംഗം എൽജിയാണ് വർഗീസിന്റ ഭാര്യ. മക്കൾ: ഗോഡ്സൻ, എയ്ഞ്ചൽ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മഞ്ഞപ്ര സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.