മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികളെ നാളെ കേരളത്തിലെത്തിക്കും. പൂനെയിൽ നിന്ന് ഗരീബ് രഥ് എക്സ്പ്രസിലാണ് കുട്ടികളുമായി കേരള പോലീസ് നാട്ടിലേക്ക് പുറപ്പെടുക. ശനിയാഴ്ച ഉച്ചയോടെ പോലീസ് സംഘം താനൂരിലെത്തും.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് പൂനെയ്ക്കടുത്തുള്ള ലോണാവാല സ്റ്റേഷനിൽ വച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്. താനൂരിൽ നിന്നുള്ള പോലീസ് സംഘമാണ് കുട്ടികളെ കൊണ്ടുവരാനായി പുനെയിലേക്ക് പുറപ്പെട്ടിരുന്നത്. കുട്ടികളെ കണ്ടെത്തിയതിൽ ആശ്വാസമുണ്ടെന്ന് കുടുംബം പ്രതികരിച്ചിരുന്നു.
വീട്ടില്‍ നിന്നിറങ്ങുന്ന സമയത്ത് പെണ്‍കുട്ടികളില്‍ ഒരാളുടെ കൈയില്‍ അഞ്ച് രൂപയും മറ്റൊരാളുടെ കൈയില്‍ 200 രൂപയുമാണ് ഉണ്ടായിരുന്നത്. എന്നാൽ യാത്രക്കിടെ ഇരുവരും മൊബൈല്‍ ഫോണും വസ്ത്രങ്ങളും വാങ്ങുകയും സലൂണില്‍ പോയി മുടി മുറിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുള്ള പണം എങ്ങനെയാണ് കുട്ടികള്‍ക്ക് ലഭിച്ചതെന്ന അന്വേഷണത്തിലാണ് പോലീസ്.
ബുധനാഴ്ച ഉച്ചയ്ക്കാണ് താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പരീക്ഷ എഴുതാനായി വീട്ടില്‍നിന്നിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥിനികളെ കാണാതായത്.