മുംബൈ: വിദ്യാർത്ഥികളുടെ വസ്ത്ര ധാരണത്തിൽ കർശന നിബന്ധനകളുമായി മഹാരാഷ്ട്ര ചെമ്പൂരിലെ ആചാര്യ & മറാഠേ കോളേജ്. ടീഷർട്ട്, ജേഴ്സി, കീറിയ ഡിസൈനുള്ള ജീൻസ്, ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ എന്നിവ നിരോധിച്ചുള്ള ഡ്രസ് കോഡ് വ്യക്തമാക്കി പ്രിൻസിപ്പൽ സർക്കുലർ ഇറക്കി. ഇതേ കോളേജിൽ നേരത്തെ ഹിജാബ് നിരോധിച്ചതിനെതിരെ വിദ്യാർത്ഥികള്‍ നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.(T-shirts, torn jeans also not allowed in college)
‘ഡ്രസ് കോഡും മറ്റ് നിയമങ്ങളും’ എന്ന പേരിലാണ് കോളേജ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ജൂൺ 27ന് കോളേജ് പ്രിൻസിപ്പൽ ഡോ. വിദ്യാഗൗരി ലെലെ ഒപ്പിട്ട നോട്ടീസിൽ കാമ്പസിൽ വിദ്യാർത്ഥികൾ ഫോർമലും മാന്യവുമായ വസ്ത്രം ധരിക്കണം എന്നാണ് പറയുന്നത്. ഹാഫ് കൈ ഷർട്ടും ഫുൾ കൈ ഷർട്ടും ധരിക്കാം. പെൺകുട്ടികൾക്ക് ഇന്ത്യൻ അല്ലെങ്കിൽ പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കാം.
മതപരമായ ഒരു വസ്ത്രവും വിദ്യാർത്ഥികൾ ധരിക്കരുത്. നികാബ്, ഹിജാബ്, ബുർഖ, സ്റ്റോൾ, തൊപ്പി, ബാഡ്ജ് തുടങ്ങിയവ കോളജിൽ സജജീകരിച്ചിരിക്കുന്ന മുറിയിൽ പോയി മാറ്റിയ ശേഷമേ ക്ലാസ്സിൽ പ്രവേശിക്കാവൂ എന്നും നോട്ടീസിൽ പറഞ്ഞിട്ടുണ്ട്. കൂടാതെ ടി-ഷർട്ട്, ജേഴ്സി, കീറിയ ഡിസൈനിലുള്ള ജീൻസ്, ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ എന്നിവ ധരിക്കരുതെന്നും വ്യക്തമാക്കുന്നു.
കോർപ്പറേറ്റ് ലോകത്തേക്കുള്ള തയ്യാറെടുപ്പാണ് ഈ ഡ്രസ് കോഡിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രിൻസിപ്പൽ പ്രതികരിച്ചു. അഡ്മിഷൻ സമയത്ത് തന്നെ ഡ്രസ് കോഡ് വിദ്യാർത്ഥികളെ അറിയിച്ചിരുന്നുവെന്നും ഇപ്പോൾ എന്തിനാണ് അതിനെക്കുറിച്ച് ആശങ്ക ഉന്നയിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. വിദ്യാർത്ഥികൾ കാമ്പസിൽ അപമര്യാദയായി പെരുമാറിയ സംഭവങ്ങളും ഡ്രസ് കോഡ് കൊണ്ടുവരാൻ പ്രേരിപ്പിച്ചെന്ന് പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.
Read Also: പാർലമെന്റിൽ രാഹുൽ ഗാന്ധിയെ പോലെ പെരുമാറരുത്; എൻഡിഎ എംപിമാർക്ക് ഉപദേശം നൽകി മോദി
Read Also: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ട്രെയിൻ സമയത്തിൽ മാറ്റം, റെയിൽവേയുടെ അറിയിപ്പ് ഇങ്ങനെ