കൊച്ചി: മെട്രോ പാളത്തിനു കീഴിൽ 27 കിലോമീറ്റർ വരുന്ന മെട്രോ മീഡിയൻ ഭാഗത്ത് ടൈൽ വിരിക്കാനുള്ള കെ.എം.ആർ.എൽ നീക്കം തികച്ചും പ്രതിഷേധാർഹമാണെന്ന് ടി ജെ വിനോദ് എം.എൽ.എ. ടൈൽ വിരിച്ചു സൗന്ദര്യവത്കരണം നടത്താനുള്ള മെട്രോ നടത്തുന്ന നീക്കം മുൻപ് നഗരത്തിനു നൽകിയ വാഗ്ദാനത്തിന്റെ ലംഘനവും അതെ സമയം തന്നെ നഗരത്തിന്റെ രാത്രികൾ പരമാവധി വൃത്തികേടാകാനുള്ള സാധ്യതായായും വിലയിരുത്തപ്പെടും.
ഇപ്പോൾ തന്നെ പല ഇടങ്ങളിലും മെട്രോ മീഡിയനുകൾ ഭിക്ഷാടകരും നാടോടികളും കയ്യേറിയിട്ടുള്ള കാഴ്ചയാണ്. ഇതിനു കൂടുതൽ സൗകര്യം ഒരുക്കി നൽകുന്ന രീതിയിലുള്ള പ്രവർത്തനമാവും എല്ലാ മെട്രോ മീഡിയനുകളും ടൈൽ വിരിക്കുന്നതിലൂടെ സംഭവിക്കാൻ പോകുന്നതെന്നു ടി ജെ വിനോദ് എം.എൽ.എ പറഞ്ഞു.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും ഫ്രഞ്ച് വികസന ഏജൻസിയുമായുമുള്ള കരാറിലും പാരിസ്ഥിതിക ആഘാത റിപ്പോർട്ടിലും എല്ലാം തന്നെ പറഞ്ഞിരുന്ന പൂന്തോട്ടം ഒരുക്കൽ ഈ രീതിയിൽ ഉപേക്ഷിക്കപെടുന്നത് ന്യായീകരിക്കാനാവാത്തതാണ്.
ചെടികൾ നടാനും പരിപാലിക്കാനും മറ്റും ചെലവഴിക്കാൻ താല്പര്യമില്ലാതെ മുഴുവൻ ലാഭക്കണോടെ മാത്രം കാണുന്ന വൻകിട പരസ്യ മുതലാളിമാർക്ക് ഒത്താശ ചെയ്യുന്ന ഈ ടൈൽ വിരിക്കൽ പദ്ധതി പൊതുജനഭിപ്രായം മാനിക്കാതെ എറണാകുളം നഗരത്തിൽ നടപ്പിലാക്കുന്നതിനെ എതിർക്കുമെന്ന് ടി.ജെ വിനോദ് എം.എൽ.എ പറഞ്ഞു.
അധികം ഉയരം വയ്ക്കാത്തതും അധികം ജലം ആവശ്യമില്ലാത്തതും സൂര്യപ്രകാശത്തിന്റെ അഭാവത്തിലും തണലിൽ വളരുന്നതുമായ നിരവധി സസ്യങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട്.
ഇവയെല്ലാം ലിസ്റ്റ് ചെയ്ത ആവശ്യമായ മേൽനോട്ടവും ഉപദേശവും നൽകാൻ ജില്ലാ കളക്ടർ ചെയർമാനായിട്ടുള്ള ജില്ലാ അഗ്രി ഹോർട്ടികളർ സൊസൈറ്റി തയ്യാറാണ് എന്നുള്ള വിവരം സൊസൈറ്റി ഭാരവാഹികൾ അറിയിച്ചിട്ടുള്ളതാണ്.
മുൻപ് മെട്രോ നിർമ്മാണ വേളയിൽ ഒരു കാലത്ത് നഗരത്തിനു തണലേകിയ നിരവധി വലിയ മരങ്ങൾ മുറിച്ചു മാറ്റിയതിനു പകരമാകില്ല എങ്കിൽ പോലും ടൈൽ വിരിച്ചു വികൃതമാക്കി ഭിക്ഷാടകർക്ക് താവളം ഒരുക്കി നൽകുന്നതിനേക്കാൾ എത്രെയോ മികച്ച തീരുമാനമായിരിക്കും ഓരോ മെട്രോ മീഡിയനും പൂന്തോട്ടമാക്കി മാറ്റുന്നത്.
സ്പോൺസർഷിപ്പിലൂടെ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതിന് നിരവധി ഏജൻസികൾ നഗരത്തിലുണ്ട്. ഇത് ഒരേസമയം കെ.എം.ആർ.എൽനു വരുമാനവും നഗരത്തിനു ഭംഗിയും നൽകുമെന്നും ടി ജെ വിനോദ് എം.എൽ.എ പറഞ്ഞു.
ടൈൽ വിരിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറി അവശ്യമെങ്കിൽ ജില്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ സഹായം ഉപയുക്തമാക്കി പൂന്തോട്ടം നിർമ്മിക്കാനുള്ള നടപടി കൈകൊള്ളാൻ ലോക്‌നാഥ് ബെഹ്‌റയ്ക്ക് നൽകിയ കത്തിൽ ടി ജെ വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു മീഡിയനുകളിൽ പൂന്തോട്ടം ഒരുക്കുന്നതിനു എറണാകുളത്തെ ജനപ്രതിനിധി എന്ന നിലയിൽ ഇതിനു ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും എം.എൽ.എ വാഗ്ദാനം ചെയ്തു.