അന്തിക്കാട്: സെറിബ്രൽ പാൾസി ബാധിച്ച പത്താം ക്ലാസ് വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ പ്രധാനാധ്യാപികക്ക് സസ്പെൻഷൻ.Suspension of the headmistress for locking a differently-abled student in the class
പെരിങ്ങോട്ടുകര സെന്റ് സെറാഫിക് കോൺവെന്റ് സ്കൂളിലെ പ്രധാനാധ്യാപിക സിസ്റ്റർ ടെസിൻ ജോസഫിനെയാണ് ജില്ല വിദ്യാഭ്യാസ ഓഫിസർ ഡോ. എ. അൻസാർ സസ്പെൻഡ് ചെയ്തത്.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് വിവാദമായ സംഭവം. ചാഴൂർ സ്വദേശികളായ നായരുപറമ്പിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ-പ്രവീണ ദമ്പതികളുടെ മകൾ അനന്യയാണ് (17) സ്കൂൾ അധികൃതരുടെ അനാസ്ഥയിൽ ഏറെ നേരം ഭയപ്പെട്ട് ക്ലാസ് മുറിയിൽ കഴിയേണ്ടിവന്നത്.
മുമ്പും അനന്യയെ പൂട്ടിയിടാറുണ്ടെന്ന വിവരവും ഇതിനിടെ പുറത്തുവന്നു. അനന്യയെ ആഴ്ചയിൽ നാലു ദിവസം ക്ലാസ് കഴിഞ്ഞ ശേഷം ഫിസിയോ തെറപ്പിക്ക് കൊണ്ടുപോകാറുണ്ട്.
ഇതിനായി മകളെ വീട്ടിലേക്ക് കൊണ്ടുപോകാനെത്തിയ പിതാവ് ഉണ്ണികൃഷ്ണൻ കുട്ടിയെ കാണാതെ അന്വേഷിച്ച് നടന്ന് ഒടുവിൽ ക്ലാസ് മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ സമയം മറ്റു കുട്ടികൾ ഐ.ടി ക്ലാസിൽ പഠനത്തിലായിരുന്നു.
ഉണ്ണികൃഷ്ണന്റെ പരാതിയിൽ തൃശൂർ ജില്ല വിദ്യാഭ്യാസ ഓഫിസർ സ്കൂളിലെത്തി നടത്തിയ അന്വേഷണത്തിൽ കുട്ടിയെ 40 മിനിറ്റ് പൂട്ടിയിട്ടതായി വിവരം ലഭിച്ചിരുന്നു.
സ്കൂൾ മാനേജർ ക്രമവിരുദ്ധമായാണ് ഐ.ടി അധ്യാപികയെ നിയമിച്ചതെന്നും കണ്ടെത്തിയതായി ജില്ല വിദ്യഭ്യാസ ഓഫിസർ ഡോ. എ. അൻസാർ പറഞ്ഞു. വിഷയത്തിൽ തുടരന്വേഷണം ഉണ്ടാകും.
സംഭവദിവസം ക്ലാസ് ടീച്ചർ അവധിയായതിനാൽ നടപടിയിൽനിന്ന് അവരെ ഒഴിവാക്കിയെങ്കിലും തുടർന്നുള്ള അന്വേഷണത്തിൽ ഉൾപ്പെടുത്തും.