ഹൈദരാബാദ്: മാനസികാരോഗ്യ കേന്ദ്രത്തിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. ഹൈദരാബാദിലെ എറഗദ്ദയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിലാണ് (ഐഎംഎച്ച്) സംഭവം.
ഒരു രോഗി മരിക്കുകയും 70 പേർ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു. ഒസ്മാനിയ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് രോഗികളുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 68 പേരുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
മാനസിക വെല്ലുവിളി നേരിടുന്ന രോഗികൾക്ക് തിങ്കളാഴ്ച രാവിലെ മുതലാണ് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. കിരൺ (30) എന്ന രോഗിയാണ് തിങ്കളാഴ്ച മരിച്ചത്.
ഹൈദരാബാദ് ജില്ലാ കളക്ടർ അനുദീപ് ദുരിഷെട്ടിയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡിഎംഇ) എ നരേന്ദ്ര കുമാറും ചൊവ്വാഴ്ച വൈകുന്നേരം ഐഎംഎച്ച് സന്ദർശിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി ദാമോദർ രാജ നരസിംഹ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യനില സംബന്ധിച്ച നിരീക്ഷണത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മെഡിക്കൽ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. നില വഷളാവുകയാണെങ്കിൽ രോഗികളെ മാറ്റാൻ രണ്ട് ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്.
ഭക്ഷ്യവിഷബാധ മൂലമാണോ രോഗമുണ്ടായത് എന്നത് സംബന്ധിച്ച് ഉറപ്പുവരുത്തുന്നതിനായി രോഗികളുടെ മലം, ഛർദ്ദി സാമ്പിളുകൾ ശേഖരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് മെഡിസിനിലേക്ക് (ഐപിഎം) അയച്ചിരിക്കുകയാണ്. മലിനജലത്തിൽ നിന്നാണ് രോഗം വന്നതെന്ന് സംശയിക്കുന്നതിനാൽ ജല സാമ്പിളുകൾ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്.