കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തി നടനും തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയുമായ സുരേഷ്‌ഗോപി. രാവിലെ ആറ് മണിയോടെ കുടുംബത്തോടൊപ്പമാണ് സുരേഷ്‌ഗോപി ക്ഷേത്രത്തിലെത്തിയത്. ദർശനത്തിനു ശേഷം തുലാഭാരവും അഞ്ചു പറയും അദ്ദേഹം സമർപ്പിച്ചു. അതേസമയം മാധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
ഭാര്യ രാധികയും മകൻ ഗോകുലും മറ്റ് ബന്ധുക്കളും സുരേഷ്‌ഗോപിക്കൊപ്പം ഉണ്ടായിരുന്നു. സുരേഷ് ഗോപിയുടെ നിർദേശത്തെ തുടർന്ന് ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകളുടെ ചിത്രങ്ങൾ പകർത്തുന്നത് ദേവസ്വവും പൊലീസും വിലക്കി. ഏറ്റുമാനൂർ നഗരസഭ കൗൺസിലർ ഉഷ സുരേഷ് അഞ്ച് വർഷങ്ങൾക്കു മുൻപ് നേർന്ന വഴിപാട് സമർപ്പിക്കാനാണ് അദ്ദേഹം എത്തിയതെന്നാണ് വിവരം.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ സുരേഷ് ഗോപി ക്ഷേത്രത്തിൽ എത്തുമെന്ന പ്രചാരണം ഉണ്ടായിരുന്നു. ഇന്ന് രാവിലെ സുരേഷ് ഗോപി ക്ഷേത്രത്തിൽ എത്തുമെന്ന് മുൻകൂട്ടി അറിഞ്ഞ മാധ്യമ പ്രവർത്തകർ രാവിലെ മുതൽ ക്ഷേത്രപരിസരത്ത് എത്തിയിരുന്നു. എന്നാൽ ക്ഷേത്രത്തിൽ എത്തിയതു മുതൽ തിരിച്ചു പോകുന്നത് വരെ മാധ്യമങ്ങളോട് അദ്ദേഹം സംസാരിച്ചില്ല. പ്രതികരണത്തിനായി മൈക്ക് നീട്ടിയ മാധ്യമങ്ങൾക്ക് മുന്നിൽ തൊഴുത് ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറുകയാണ് സുരേഷ്‌ഗോപി ചെയ്തത്.
Read Also: പത്ത് വയസുള്ള പെൺകുട്ടികളോട് ലൈംഗികാതിക്രമം; റിമാൻഡിൽ കഴിയുന്ന 51 കാരനെതിരെ വീണ്ടും പോക്സോ കേസ്