തിരുവനന്തപുരം: നടനും എംഎൽഎയുമായ മുകേഷിനെതിരെ ഉയർന്ന ആരോപണങ്ങളെ നിസാരവൽക്കരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു നടനെന്ന നിലയിൽ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാമെന്നും ബിജെപിയുടെ നിലപാട് പാർട്ടി നേതൃത്വം പറയുന്നതാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപി പറയുന്നതല്ല പാർട്ടി നിലപാട്, മുകേഷ് രാജി വെക്കണം എന്ന് തന്നെയാണ് ബിജെപി നിലപാടെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.(Suresh Gopi does not say the party’s stand; K Surendran rejected the Union Minister)
പാർട്ടിയുടെ നിലപാട് പറയുന്നത് പാർട്ടി അധ്യക്ഷനാണ്. ആരോപണങ്ങൾ മാധ്യമ സൃഷ്ടിയല്ല. സുരേഷ് ഗോപിയ്ക്ക് അദ്ദേഹത്തിൻ്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അതേസമയം, സുരേഷ് ഗോപിക്ക് മേൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് നിയന്ത്രണം ഇല്ലേയെന്ന ചോദ്യത്തിന് കാത്തിരുന്ന് കണ്ടോളൂ എന്നുമായിരുന്നു സുരേന്ദ്രൻ്റെ മറുപടി.
വലിയ സംവിധാനത്തെ തകർക്കുകയാണ് മാധ്യമങ്ങളെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും. വിവാദങ്ങൾ മാധ്യമങ്ങളുടെ തീറ്റയാണ്. ആരോപണങ്ങൾ മാധ്യമസൃഷ്ടിയാണ്. ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് മാധ്യമങ്ങളെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.