സ്ത്രീകൾക്ക് ജീവനാംശം നിയമപരമായി തന്നെ ആവശ്യപ്പെടാമെന്ന് സുപ്രിംകോടതി. ഇന്ത്യയിലെ വിവാഹിതരായ പുരുഷന്മാർ തന്റെ ഭാര്യക്ക് സാമ്പത്തികഭദ്രത ഉറപ്പുവരുത്തുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും സുപ്രിംകോടതി പറഞ്ഞു.ഇത്തരം സാമ്പത്തിക ശാക്തീകരണം വീട്ടമ്മയെ കുടുംബത്തിൽ കൂടുതൽ സുരക്ഷിതമായ സ്ഥാനത്ത് എത്തിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. (Supreme Court says alimony is the right of women)
സെക്ഷൻ 125 സിആർപിസി പ്രകാരം വിവാഹമോചിതയായ ഭാര്യക്ക് ഇടക്കാല ജീവനാംശം നൽകാനുള്ള നിർദേശത്തിനെതിരെ ഒരു മുസ്‌ലിം യുവാവ് സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുന്നതിനിടെ ആയിരുന്നു സുപ്രിംകോടതിയുടെ സുപ്രധാന നിരീക്ഷണം. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് യുവാവ് നൽകിയ ഹരജി തള്ളി.
‘ഭാര്യമാരെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടത് ഒരു പുരുഷന് അത്യാവശ്യമാണ്. തന്റെ സാമ്പത്തിക ശേഷി അനുസരിച്ച് സ്വതന്ത്രമായ വരുമാന മാർഗ്ഗമില്ലാത്ത ഭാര്യക്ക് അവളുടെ വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റാനുള്ള സ്രോതസുകൾ ലഭ്യമാക്കേണ്ടതാണ്. അതായത് പുരുഷന്റെ സാമ്പത്തിക സ്രോതസ്സുകളിൽ അവന്റെ ഭാര്യക്കും അവകാശമുണ്ടായിരിക്കും’- കോടതി പറഞ്ഞു.
ഒരു വീട്ടമ്മയുടെ അവകാശങ്ങൾ കോടതി അടിവരയിട്ട് പരാമർശിച്ചു. പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ കുടുംബത്തിൻ്റെ ക്ഷേമത്തിനായി ദിവസം മുഴുവൻ പ്രവർത്തിക്കുന്നതവരാണ് വീട്ടമ്മമാരെന്ന് കോടതി പ്രസ്താവിച്ചു.