ന്യൂഡൽഹി: യാക്കോബായ -ഓർത്തഡോക്‌സ് സഭാ തർക്കത്തിൽ ആറു പള്ളികൾ കൈമാറുന്നതുമായി ബന്ധപ്പെട്ട കേസിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി നിർദേശം. കേരളത്തിൽ യാക്കോബായ- ഓർത്തഡോക്‌സ് വിഭാഗത്തിൽപ്പെട്ട എത്ര അംഗങ്ങൾ വീതം ഓരോസഭകൾക്കും ഉണ്ടെന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി.
എറണാകുളം, പാലക്കാട് ജില്ലകളിലെ ആറു പള്ളികളുടെ ഭരണം ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ നിലവിൽ ഈ പള്ളികളുടെ ഭരണം ആരുടെ കൈവശമാണോ ആ തൽസ്ഥിതി തുടരണമെന്നാണ് ഇന്നു സുപ്രിംകോടതി നിർദേശിച്ചത്. കേസ് ജനുവരി 29, 30 തീയതികളിൽ സുപ്രിംകോടതി വിശദമായി പരിശോധിക്കുമെന്നും അതുവരെ തൽസ്ഥിതി തുടരാനാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്വൽ ഭുയാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ വിധി.
പഞ്ചായത്ത് അടിസ്ഥാനത്തിലാണ് യാക്കോബായ- ഓർത്തഡോക്‌സ് വിഭാഗത്തിൽപ്പെട്ട അംഗങ്ങളുടെ കണക്ക് സർക്കാർ സമർപ്പിക്കേണ്ടത്. എത്ര പള്ളികൾ ഉണ്ടെന്നുള്ളത് വില്ലേജ് അടിസ്ഥാനത്തിലുള്ള കണക്കും നൽകണം. തർക്കത്തിലുള്ള ഓരോ പള്ളികളിലും ഓർത്തോഡ്ക്‌സ്, യാക്കോബായ വിഭാഗത്തിൽ എത്രപേർ വീതമുണ്ട് എന്നീ കാര്യങ്ങളും അറിയിക്കാൻ സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
തൽസ്ഥിതി നിലനിൽക്കെ എതെങ്കിലും വിധത്തിൽ ക്രമസമാധാന പ്രശ്‌നം ഉണ്ടായാൽ സംസ്ഥാന സർക്കാരിന് ഉചിതമായ നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. എന്നാൽ ഓർത്തഡോക്‌സ് സഭ ഈ നിർദേശത്തെ എതിർത്തിരുന്നു. സുപ്രീംകോടതിയുടെ മുൻ ഉത്തരവ് നടപ്പാക്കുകയാണ് വേണ്ടതെന്നായിരുന്നു ഓർത്തഡോക്‌സ് വിഭാഗത്തിന്റെ ആവശ്യം. എന്നാൽ കേസിൽ വിശദമായ വാദം കേൾക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി അറിയിച്ചു.









