റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ കൂച്ചിക്കെട്ടി രാജസ്ഥാൻ റോയൽസ്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന ഐ.പി.എൽ എലിമിനേറ്ററിൽ നാല് വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെയാണ് സഞ്ജുവും സംഘവും ക്വാളിഫയറിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരൂ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 19 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 30 പന്തിൽ 45 റൺസെടുത്ത ഓപണർ യശസ്വി ജയ്സ്വാളാണ് ടോപ് സ്കോറർ. ജയത്തോടെ രാജസ്ഥാൻ ഫൈനലിലേക്ക് ഒരു പടി കൂടി അടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗളൂവിനു ഉദ്ദേശിച്ചപോലെ പൊരുതാനായില്ല. 3.4 ഓവറിൽ 37 റൺസിൽ നിൽക്കെ ക്യാപ്റ്റൻ ഫാഫ് ഡുപ്ലിസിസ് മടങ്ങി. തുടർന്ന് ക്രീസിലെത്തിയ കാമറൂൺ ഗ്രീനിനെ കൂട്ടുപിടിച്ച് വിരാട് കോഹ്‌ലി സ്കോറിന് വേഗം കൂട്ടിയെങ്കിലും യുസ്വേന്ദ്ര ചഹൽ എത്തിയതോടെ കോഹ്‌ലിയും പുറത്ത്. പിന്നീട് ആർക്കും കാര്യമായിഒന്നും ചെയ്യാനായില്ല. ആവേശ് ഖാൻ മൂന്നും രവിചന്ദ്ര അശ്വിൻ രണ്ടും വിക്കറ്റ് വീഴ്ത്തി.
പതിയ തുടങ്ങിയ രാജസ്ഥാന് യശസ്വി ജയ്സ്വാൾ 45 റൺസുമായി ഭേദപ്പെട്ട തുടക്കം നൽകി. എന്നാൽ വിക്കറ്റുകൾ വീണത് രാജസ്ഥാനെ ആശങ്കയിലാഴ്ത്തി. എന്നാൽ, റിയാൻ പരാഗിന് കൂട്ടായി ഷിമ്രോൺ ഹെറ്റ്മയർ വന്നതോടെ കളി മാറി. ഹെറ്റ്മയർ ആഞ്ഞടിച്ചപ്പോൾ പരാഗിന്റെ സമ്മർദ്ദം കുറഞ്ഞു. 26 പന്തിൽ 36 റൺസുമായി പരാഗ് പുറത്തായപ്പോൾ രാജസ്ഥാൻ ജയം ഉറപ്പിച്ചിരുന്നു. 14 പന്തിൽ 26 റൺസുമായാണ് ഹെറ്റ്മയർ പുറത്തായത്. പിന്നാലെ വന്ന റോവ്മാൻ പവൽ രാജസ്ഥാനെ വിജയത്തിലെത്തിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടക്കുന്ന ക്വാളിഫയറിൽ രാജസ്ഥാൻ സൺറൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും.