ഏഴ് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന യാത്രിക സുനിത വില്യംസ് ഇന്ന് വീണ്ടും സ്പേസ് വാക്ക് നടത്തും. ജനുവരി 16ന് ആറ് മണിക്കൂർ സ്‌പേസ് വാക്ക് നടത്തിയിരുന്നു. സുനിത ഇന്ന് നടക്കാനിറങ്ങുമ്പോൾ കൂടെയുണ്ടാവുക സഹയാത്രികൻ ബുച്ച് വിൽമോറായിരിക്കും.
ഇരുവരും ഒരാഴ്ചത്തെ ബഹിരാകാശ വാസത്തിന് കഴിഞ്ഞ ജൂണിലാണ് നിലയത്തിലേക്ക് പുറപ്പെട്ടത്. സാങ്കേതിക തകരാർ മൂലം മടങ്ങാനാവാതെ നിലയത്തിൽ തങ്ങുകയായിരുന്നു. സുനിതയുടെ ഒമ്പതാമത്തെ സ്‌പേസ് വാക്കായിരിക്കും ഇന്നത്തേത്. ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപണികൾക്കായിട്ടാണ് ഒരിക്കൽ കൂടി അവർ നിലയത്തിന് പുറത്ത് വരുന്നത്.
ഐഎസ്എസ് ട്രസിൽ നിന്ന് ഒരു റേഡിയോ ഫ്രീക്വൻസി ഗ്രൂപ്പ് ആൻറിന നീക്കം ചെയ്യുക ഇവരുടെ ചുമതലയായിരിക്കും. നിലയത്തിൻറെ പുറംഭാഗത്തുണ്ടാവാൻ സാധ്യതയുള്ള മൈക്രോബയോളജിക്കൽ ജീവനെ കുറിച്ച് പഠിക്കാൻ ഡെസ്റ്റിനി ലാബിലും ക്വസ്റ്റ് എയർലോക്കിലും നിന്ന് സാംപിളുകൾ ശേഖരിക്കുക, കനാഡാം2 റോബോട്ടിംഗ് കൈയിലെ അറ്റകുറ്റപ്പണി നടത്തുക എന്നിവയും സുനിത-ബാരി സഖ്യത്തിൻറെ ചുമതലയാണ്. നിലവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൻറെ കമാൻഡറാണ് സുനിത വില്യംസ്.
നിലവിൽ ഇതിനകം 56 മണിക്കൂർ സ്‌പേസ് വാക്ക് നടത്തിയിട്ടുണ്ട് അവർ. 920 ദിവസം ബഹിരാകാശത്ത് ചെലവഴിക്കുകയും ചെയ്തു. 2024 ജൂണിൽ ഒരാഴ്‌ചത്തെ ദൗത്യത്തിനായി ബോയിങിൻറെ സ്റ്റാർലൈനർ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയവരാണ് സുനിത വില്യംസും ബുച്ച് വിൽമോറും.
എന്നാൽ സ്റ്റാർലൈനറിലെ സാങ്കേതിക തകരാർ കാരണം ഇരുവർക്കും നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് മടങ്ങിവരാനായില്ല. 2025 ഫെബ്രുവരിയിലേക്ക് നീട്ടിയ ഇരുവരുടെയും മടക്കം മാർച്ചിന് മുമ്പ് നടക്കാൻ സാധ്യതയില്ല എന്നാണ് നാസ നൽകുന്ന പുതിയ അപ്‌ഡേറ്റ്.