2026 ലെ ഫിഫ ലോകകപ്പിനുള്ള യോഗ്യതാ പോരാട്ടത്തിൽ കുവൈത്തിനെതിരെ ഇന്ത്യയ്ക്ക് ഗോൾ രഹിത സമനില. ന്ത്യന്‍ ഫുട്ബോളിന്റെ കുതിപ്പുകൾക്കു സാക്ഷിയായ സാൾട്ട്‍ലേക്ക് സ്റ്റേഡിയത്തിൽ താനെ അവസാന മത്സരം കളിച്ച് വിടവാങ്ങി സുനിൽ ഛേത്രി. കരിയറിലെ 151–ാം രാജ്യാന്തര മത്സരം തോൽവി അറിയാതെ പൂർത്തിയാക്കിയാണ് ഗാലറിയിൽ നിറഞ്ഞ ആരാധകരോടു താരം വിട ചൊല്ലിയത്.(Sunil Chhetri retired with a goalless draw against Kuwait)
ആദ്യ പകുതിയുടെ വിസിൽ മുഴങ്ങിയപ്പോൾ ഒരു ഓൺ ടാർഗറ്റ് ഷോട്ട് പോലും നേടാൻ ഇന്ത്യയ്ക്കു സാധിച്ചിരുന്നില്ല. ഇന്ത്യൻ താരങ്ങൾ പിന്നാലെ നടത്തിയ നീക്കങ്ങൾ കുവൈത്ത് ശക്തമായ പ്രതിരോധത്തെ അണിനിരത്തി തടഞ്ഞുനിര്‍ത്തി. 30–ാം മിനിറ്റിൽ അനിരുദ്ധ് ഥാപ്പയെടുത്ത ഫ്രീകിക്കിൽനിന്ന് സഹലിനു പന്തു ലഭിച്ചെങ്കിലും ഷോട്ട് ബ്ലോക്ക് ചെയ്തു. റീബൗണ്ടിൽ ലിസ്റ്റൻ കൊളാസോയുടെ ഷോട്ടും ലക്ഷ്യം കണ്ടില്ല. 42–ാം മിനിറ്റിൽ കുവൈത്തിന്റെ അബ്ദുല്ലയെ ലക്ഷ്യമാക്കി അൽറാഷിദിയുടെ ക്രോസ് ഇന്ത്യൻ പ്രതിരോധം ബ്ലോക്ക് ചെയ്തുഗോൾ തടഞ്ഞു.
ഏഴു മിനിറ്റാണ് അധികസമയമായി റഫറി അനുവദിച്ചത്. 96–ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് ഉപയോഗപ്പെടുത്താൻ ഇന്ത്യൻ താരം ബ്രാണ്ടൻ ഫെർണാണ്ടസിനു സാധിച്ചില്ല. ഇതോടെ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ഇന്ത്യയ്ക്കു വേണ്ടി കൂടുതൽ രാജ്യാന്തര മത്സരങ്ങളും (151) കൂടുതൽ ഗോളുകളും (94) ഛേത്രിയുടെ പേരിലാണ്.
രാജ്യാന്തര ഫുട്ബോളിൽ കൂടുതൽ ഹാട്രിക് നേടിയ ഇന്ത്യൻ താരം, കൂടുതൽ രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച താരം, ഇന്ത്യയ്ക്കു വേണ്ടി കൂടുതൽ രാജ്യാന്തര മത്സരങ്ങളും (151) കൂടുതൽ ഗോളുകളും (94) നേടിയ താരം…വിശേഷണങ്ങൾ പറഞ്ഞാൽ ഒടുങ്ങില്ല സുനിലിന്റെ കരിയറിൽ. സുനിൽ ഛേത്രി ബൂട്ട്ടഴിച്ച് മടങ്ങുമ്പോൾ മറ്റൊരു ഫുട്ബോൾ യുഗത്തിന് കൂടിയാണ് അന്ത്യമാകുന്നത്.