നിങ്ങൾക്ക് മാസം എത്ര രൂപ ശമ്പളം കിട്ടിയാൽ കൊള്ളാമെന്നുണ്ട്? ഇന്ത്യൻ പ്രസിഡന്റിന്റെ ശമ്പളം അഞ്ചു ലക്ഷം രൂപയാണ്. ഒരു ഗവർണറുടെ ശമ്പളം 3,50,0000 വും ചീഫ് സെക്രട്ടറിമാരുടേത് 2,25,000 രൂപയുമാണ്. ഇതിനെക്കാളും ഒക്കെ വലിയ ശമ്പളം വാങ്ങുന്ന എത്ര പേരെ കുറിച്ചറിയാം. ദിവസം അഞ്ചു കോടി രൂപ ശമ്പളമായി കിട്ടുന്ന മനുഷ്യരുണ്ടെന്ന് അറിയാമോ. അതിൽ ഒരു ഇന്ത്യക്കാരനുണ്ട്. സാധാരണക്കാരനായ ചെന്നൈയിൽ ജനിച്ച സുന്ദർ രാജപിച്ചൈ എന്നൊരാൾ. (The real success story of Sundar Raj Pichai, google CEO)
ആരാണ് അയാൾ? എന്താണ് അയാളുടെ ജോലി? എങ്ങനെയാണ് അയാൾ ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്. ഒന്ന് വിശദമായി പരിശോധിച്ചാലോ.
തമിഴ്നാട്ടിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച്, രണ്ട് മുറികൾ മാത്രമുള്ള വീട്ടിൽ ജീവിച്ച്, രാത്രി കാലങ്ങളിൽ ഇളയ സഹോദരൻ ശ്രീനിവാസനുമായി പായിൽ ലിവിങ് റൂമിൽ കിടന്നുറങ്ങി ഒടുവിൽ നന്നായി പഠിച്ച് ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ഇന്ത്യയുടെ അഭിമാനമായി, ഗൂഗിൾ എന്ന് പറയുന്ന കമ്പനിയുടെ തലപ്പത്തേക്ക് ഉയർന്നു വന്ന വ്യക്തി. അച്ഛൻ ഒരു സ്കൂട്ടറും ഫോണും വാങ്ങുന്നതു കാണാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടി വന്ന സുന്ദർ പിച്ചൈയുടെ ഇന്നത്തെ ആസ്തി സ്വപ്നങ്ങൾക്കും അപ്പുറമാണ്.
ഫോർബ്സിന്റെ പട്ടിക പ്രകാരം പ്രതിദിനം കുറഞ്ഞത് 5 കോടി രൂപയാണ് സുന്ദർ പിച്ചൈ വേതനമായി കൈപ്പറ്റുന്നത്. ജീവിതത്തിലെ പല പ്രതിസന്ധികളെയും അതിജീവിച്ച് സുന്ദർ പിച്ചൈ എങ്ങനെയാണ് ഈ നിലയിലേക്ക് എത്തിയിട്ടുള്ളത്. ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ കയറ്റുമതി ഉൽപന്നം ഒരുപക്ഷേ, ഗൂഗിൾ സിഇഒ ആയിരിക്കുമെന്നാണ് പ്രമുഖ വ്യവസായിയായ ആനന്ദ് മഹീന്ദ്ര, സുന്ദർ പിച്ചൈയെ പറ്റി ഒരിക്കൽ പറഞ്ഞിട്ടുള്ളത്.
1972 ജൂലൈ 12 ന് ചെന്നൈയിലെ അഡയാറിലെ തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് സുന്ദർ പിച്ചൈ ജനിച്ചത്. ജനറൽ ഇലക്‌ട്രിക്കൽ കമ്പനിയിൽ എൻജിനീയറായ രഘുനാഥ് പിച്ചൈയുടെയും സ്‌റ്റെനോഗ്രഫറായിരുന്ന ലക്ഷ്മിയുടെയും മകനായി ജനിച്ച സുന്ദർ പിച്ചൈയ്ക്ക് സ്വന്തമായി ഒരു റൂം പോലും ഉണ്ടായിരുന്നില്ല കുട്ടികാലത്ത്. ചെന്നൈ അശോക് നഗറിലെ ജവഹർ വിദ്യാലയത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്കൂളിലെ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആയ സുന്ദർ പിച്ചൈ നിരവധി ട്രോഫികൾ സ്കൂളിനായി നേടി കൊടുത്തിട്ടുണ്ട്.
സുനിൽ ഗവാസ്‌കറിന്റെയും മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറിന്റെയും കടുത്ത ആരാധകൻ. നന്നായി പഠിക്കുകയും നന്നായി തുലനം ചെയ്യുകയും അസാധാരണമായ ഓർമ്മ ശക്തിയും ഈ കുട്ടിയുടെ പ്രത്യേകതയായിരുന്നു. കണക്കിലും ഭൗതികശാസ്ത്രത്തിലും അസാമാന്യ കഴിവും സുന്ദർ പിച്ചൈ എന്ന കുട്ടിയ്ക്ക് ഉണ്ടായിരുന്നു.
രാജ്യത്തെ തന്നെ ഏറ്റവും മികച്ച തലച്ചോറുകളെ വാർത്ത എടുക്കുന്ന സ്ഥാപനമായ ഐഐടി ഖരഗ്പുരിൽ മെറ്റലർജിക്കൽ എഞ്ചിനീറിങ്ങിനാണ് സുന്ദർ പിച്ചൈ തുടർ വിദ്യാഭാസത്തിനായി അഡ്മിഷൻ നേടിയത്. ഐഐടിയിൽ നിന്ന് നല്ല മാർക്കോടെ പാസ്സായ ശേഷം സുന്ദർ പിച്ചൈ ഉന്നത വിദ്യാഭ്യാസത്തിനായി പോയത് അമേരിക്കയിലേക്കാണ്. അമേരിക്കയിലെ കാലിഫോർണിയയിൽ സ്കോളർഷിപ്പോട് കൂടി സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ എംഎസ് മെറ്റീരിയൽ സയൻസും എഞ്ചിനീയറിഗിനും അഡ്മിഷൻ നേടിയ അദ്ദേഹം തിരഞ്ഞെടുക്കുന്നത് ഒക്കെയും കെമിസ്ട്രയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു.
അതിനു ശേഷം എംബിഎയ്ക്ക് അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിൽ ചേരുന്നു. അവിടങ്ങളിലെ തന്നെ ഏറ്റവും മികച്ച വിദ്യാർത്ഥിക്ക് സമ്മാനിക്കുന്ന സീബൽ സ്കോളറും പാൽമിറ സ്കോളറും നേടിയാണ് സുന്ദർ പിച്ചൈ എന്ന വിദ്യാർത്ഥി പാസ്സായത്. 150 രാജ്യങ്ങളിൽ ഓഫീസുകളുള്ള 1800 കോടി വരുമാനമുള്ള 1926-ൽ സ്ഥാപിച്ച ഒരു മാനേജ്മെന്റ് കൺസൾട്ടിംഗ് സ്ഥാപനമായ മക്കിൻസിയിലാണ് 2002 ൽ സുന്ദർ പിച്ചൈ ആദ്യമായി ജോലിയ്ക്ക് കയറിയത്.
അവിടെ രണ്ട വര്ഷം പൂർത്തിയാക്കിയ ശേഷം 2004 ഏപ്രിൽ മാസം ഒന്നാം തിയതി അദ്ദേഹം ഗൂഗിളിൽ ജോയിൻ ചെയ്തു. അന്നേ ദിവസം തന്നെയാണ് ഗൂഗിളിന്റെ വളർച്ചക്ക് വളരെ അധികം സംഭാവന ചെയ്ത ജിമെയിൽ ഗൂഗിൾ അവതരിപ്പിച്ചത്. ഗൂഗിൾ ടൂൾബാർ വികസിപ്പിച്ച സംഘത്തിലായിരുന്നു പിച്ചൈയ്ക്ക് ആദ്യ നിയമനം. അതു ശ്രദ്ധനേടിയതോടെ ലാപ്‌ടോപ്പുകൾക്കായി ക്രോം ഓപ്പറേറ്റിങ് സിസ്‌റ്റം വികസിപ്പിക്കാൻ മുൻകൈയെടുത്ത് അടുത്ത നിർണായക ചുവടുവച്ചു. പ്രോഡക്റ്റ് മാനേജർ ആയി ജോലിക്ക് കയറിയ അദ്ദേഹത്തിന് പ്രോഡക്റ്റ് ഡവെലപ്മൻറ്ററായി പ്രൊമോഷൻ ലഭിച്ചു. അതിനു ശേഷം പ്രോഡക്റ്റ് ചീഫ് ആയി സ്ഥാന കയറ്റം ലഭിച്ചു. അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ ശമ്പളവും ഉയരുന്നുണ്ടായിരുന്നു.
സുന്ദർ പിച്ചൈ സമ്മർപ്പിച്ച പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഗൂഗിളിന് സ്വന്തമായിട്ട് ഒരു ബ്രൌസർ വേണമെന്ന് ആവശ്യം. എന്നാൽ അക്കലത്ത് ഗൂഗിളിന്റെ സിഇഒ ആയിരുന്ന എറിക് സ്മിത്ത് വളരെ അധികം പരിഹാസത്തോടെയാണ് സുന്ദർ പിച്ചൈയുടെ ഈ പുതിയ ആശയത്തെ കണ്ടത്. ബ്രൌസർ നിർമ്മിച്ചാൽ തന്നെ അതിനു വേണ്ട വിധം റിട്ടേൺ ഉണ്ടാകില്ലെന്ന് ആ കാലങ്ങളിൽ ഗൂഗിളിന്റെ തലപ്പത്ത് ഉണ്ടായിരുന്ന ആളുകൾ എല്ലാം കരുതി.
അതുകൊണ്ട് തന്നെ സുന്ദർ പിച്ചൈയുടെ ഈ ഒരു ആശയം അവർ തള്ളി കളഞ്ഞു. പക്ഷെ അദ്ദേഹം തോറ്റ് പിന്മാറിയില്ല. ഈ ഒരു ആവശ്യത്തിനായി അദ്ദേഹം പിന്നീട് സമീപിച്ചത് ഗൂഗിളിന്റെ ഉടമസ്ഥരായ ലാറി പേജിനെയും സെർജി ബ്രിൻനെയുമായിരുന്നു. അവർ പിച്ചൈയുടെ ആശയത്തെ അംഗീകരിക്കുകയും ബ്രൌസർ നിർമിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. ആളുകൾ അക്കലത്ത് ഉപയോഗിച്ച് കൊണ്ടിരുന്ന മൈക്രോസോഫ്റ്റിന്റെ ഇക്സ്പ്ലോറ/റിനെ വെല്ലുന്നതാവണം ഗൂഗിൾ പുറത്തിറക്കുന്ന ബ്രൌസർ എന്ന വെല്ലുവിളിയും അദ്ദേഹത്തിന്റെ മുൻപിൽ ഉണ്ടായിരുന്നു.
ഗൂഗിളിന്റെ ചരിത്രം തന്നെ മാറ്റി എഴുതികൊണ്ട് 2008 സെപ്റ്റംബർ രണ്ടാം തിയതി ഗൂഗിൾ ക്രോം ലോഞ്ച് ചെയ്തു. അധികം വൈകാതെ തന്നെ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ബ്രൌസർ ആയി ഗൂഗിൾ ക്രോം വളർന്നു. സുന്ദർ പിച്ചൈ എന്ന് പറയുന്ന ഇന്ത്യക്കാരന്റെ തലച്ചോറിൽ ഉദയം ചെയ്ത ഒരു ആശയം ആയിരുന്നു ഗൂഗിൾ ക്രോം എന്നത് ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാവുന്നത് തന്നെയാണ്. ക്രോമിന്റെ വിജയത്തോട് കുടി സുന്ദർ പിച്ചൈ എന്ന് പറയുന്ന പേര് മറ്റ് മൾട്ടി നാഷണൽ കമ്പനികളിൽ മുഴുകി കേൾക്കാൻ തുടങ്ങി.
ഗൂഗിൾ ക്രോമുമായി ചേർന്ന് ക്രോമിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം, ക്രോം ബുക്ക്, ക്രോം കാസറ്റ് അങ്ങനെ നിരവധി പ്രൊഡക്ടുകൾ സുന്ദർ പിച്ചൈ എന്ന ഇന്ത്യക്കാരൻ വികസിപ്പിച്ച് എടുത്തു. അതിൽ പലതും വലിയ ലാഭമാണ് ഗൂഗിളിന് നേടി കൊടുത്തത്. 2008 ൽ തന്നെ തന്റെ ഈ പ്രവർത്തന മികവ് കൊണ്ട് തന്നെ വൈസ് പ്രസിഡന്റ് ഓഫ് പ്രോഡക്ട് ഡവലപ്മെന്റായി അദ്ദേഹത്തിന് സ്ഥാന കയറ്റം ലഭിച്ചു. ഇന്ത്യയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് ഒരു സാധാരണ വീട്ടിൽ വളർന്ന് ലിവിങ് റൂമിൽ സഹോദരന് ഒപ്പം ഉറങ്ങിയ കുട്ടിയുടെ വളർച്ചയും ഗൂഗിളിന്റെ വളർച്ചയും ഒന്നായി മാറുന്ന കാഴ്ചയാണ് പിന്നീട കാണാൻ സാധിച്ചത്.
2012 ൽ ക്രോമിന്റെയും മറ്റ് അപ്പ്ലിക്കേഷന്റെയും സീനിയർ വൈസ് പ്രസിഡന്റ് ആയി സ്ഥാന കയറ്റം ലഭിച്ചു. രണ്ട വര്ഷം കഴിഞ്ഞപ്പോൾ തന്നെ ഗൂഗിളിന്റെ പ്രോഡക്റ്റ് ഹെഡ് ആയിട്ടും, സ്ഥാന കയറ്റം ലഭിച്ചു. അതേവർഷം തന്നെ ഗൂഗിളിന്റെ വാർഷിക ഡെവലപ്പർ സമ്മേളനത്തിൽ വെച്ചു ഗൂഗ്ളിൻെറ വിഷനെ കുറിച്ചും മിഷനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ആ പ്രസംഗത്തോട് കൂടി സുന്ദർ പിച്ചൈ എന്ന വ്യക്തി ഒരു ബുദ്ധിജീവി മാത്രമല്ല നന്നായി സംസാരിക്കാൻ അറിയാവുന്ന ആളാണെന്ന് കൂടി ലോകം തിരിച്ചറിയുകയും ചെയ്തു.
മറ്റ് മൾട്ടി നാഷണൽ കമ്പനികൾ സുന്ദർ പിച്ചൈയെ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച് ആ കാലഘട്ടത്തിൽ ഗൂഗിൾ കൊടുക്കുന്ന ശമ്പളത്തിനും പദവിക്കും അപ്പുറമുള്ള വാഗ്ദാനങ്ങൾ നൽകി കൊണ്ട് അദ്ദേഹത്തെ ക്ഷണിച്ചു. പക്ഷെ അദ്ദേഹം അവസരങ്ങൾ നിഷേധിച്ചു. മൈക്രോസോഫ്ടിന്റെയും ട്വിറ്റെറിന്റേയും സിഇഒ സ്ഥാനം പോലും സുന്ദർ പിച്ചൈയ്ക്ക് അവർ വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം പോകാൻ തയാറായില്ല. ഗൂഗ്ലിനിനോട് നീതി പുലർത്തി ഗൂഗിളിന്റെ കൂടെ നിന്ന് പ്രവർത്തിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധം ഉണ്ടായിരുന്നു.
അതിനാൽ തന്നെ 2015 ഓഗസ്റ്റ് 10 തിയതി ഇന്ത്യക്കാർക്ക് എല്ലാം അഭിമാനം ആയി കൊണ്ട് ഗൂഗിളിന്റെ സിഇഒ സ്ഥാനത്തേക്ക് 42 കാരനായ സുന്ദർ പിച്ചൈ നിയമിക്കപ്പെട്ടു. 2015 ലാണ് ഗൂഗിൾ സ്ഥാപകൻ ലാറി പേജ് ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡ് എന്ന മാതൃകമ്പനി സ്ഥാപിക്കുന്നത്. 2019 ആയപ്പോഴേക്കും ആൽഫബെറ്റിന്റെ സിഇഒ സ്ഥാനവും സുന്ദറിന് സ്വന്തമായി. പണത്തേക്കാൾ മൂല്യം അദ്ദേഹത്തിന്റെ ആശയത്തിന് ഉണ്ട് അതിനാൽ തന്നെ സുന്ദർ പിച്ചൈയെ പോലെയുള്ള ഒരാളെ ലഭിക്കാൻ വേണ്ടി ഏതൊരു കമ്പനിയും ആഗ്രഹിക്കും. അതിനു വേണ്ടിയിട്ടുള്ള ശ്രമങ്ങൾ അവർ നടത്തുകയും ചെയ്യും.
സുന്ദർ പിച്ചൈയുടെ ആദ്യത്തെ ശമ്പളം എന്നത് 300 കോടിയായിരുന്നു. പിന്നീട അത് 1200 കോടിയിലേക്കും, 1850 കോടിയിലേക്കും കൂടുകയാണ് ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2020 ആയപ്പോഴേക്കും വാർഷിക ശമ്പളത്തിന് മുകളിൽ 240 മില്യൺ ഡോളർ അഥവാ (2040 കോടി രൂപ) സ്റ്റോക്ക് പാക്കേജ് കൂടി പിച്ചൈയ്ക്ക് കമ്പനി നൽകി. ആൽഫബെറ്റിലെ ജീവനക്കാരുടെ മൊത്തം ശമ്പളത്തിന്റെ ശരാശരിയേക്കാൾ 1,085 ഇരട്ടിയാണ് സുന്ദർ പിച്ചൈയയ്ക്ക് ലഭിക്കുന്നത്.
ഉന്നത യോഗങ്ങളിൽ, ആശയക്കുഴപ്പമുണ്ടായാൽ ഒട്ടും മടിക്കാതെ പുറത്തിറങ്ങി നടക്കുന്ന ശീലവും സുന്ദർ പിച്ചൈയ്ക്ക് ഉണ്ട്. ഒരു റൌണ്ട് നടന്നുവരുമ്പോഴേക്കും പ്രശ്നത്തിനുള്ള പരിഹാരം കണ്ടിട്ടുണ്ടാവും അദ്ദേഹം. വേറിട്ട വഴിയിലൂടെയുള്ള ഏകാന്ത സഞ്ചാരമാണ് ഗൂഗിളിന്റെയും ആൽഫബെറ്റിന്റെ തലപ്പത്തേക്ക് ഈ 50 കാരനെ കൈപിടിച്ചുയർത്തിയിരിക്കുന്നത്.
പണവും ആനുകൂല്യങ്ങളും ലഭിച്ചാൽ എല്ലാമാകില്ലെന്നും വരുമാനത്തെക്കുറിച്ച് വിഷമിക്കുന്നതിന് പകരം ജോലി വിനോദമായി കാണണമെന്നാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ യുവതലമുറയോട് പറയുന്നത്. ക്രിക്കറ്റ് ഫുട്ബോൾ ഒക്കെ വളരെ ഇഷ്ട്ടമുള്ള സുന്ദർ പിച്ചൈ വിവാഹം ചെയ്തിരിക്കുന്നത് ഐഐടി സഹപാഠിയായിരുന്ന മുംബൈ സ്വദേശി അഞ്ജലിയെയാണ്.
അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് സുന്ദർ പിച്ചൈ നമ്മൾ ഓരോരുത്തരോടും പറയുന്നത്. പ്രതിദിനം 5 കോടി രൂപ സമ്പാദിക്കുന്ന ഈ മനുഷ്യൻ ഒരിക്കലും എഞ്ചിനീയർ ആവാൻ ആഗ്രഹിച്ചിരുന്നില്ല, മറിച്ച് ഒരു ക്രിക്കറ്റ് കളിക്കാരനാകാനാണ് ആഗ്രഹിച്ചത്. സുന്ദർ പിച്ചൈ എന്ന ഇന്ത്യക്കാരൻ വഴി ഐഐടി ഖരഗ്പുർ എന്ന ക്യാമ്പസിന്റെയും ഇന്ത്യൻ എഡ്യൂക്കേഷൻ സിസ്റ്റത്തിന്റെയും പ്രശസ്തി ഒന്നുകൂടി ഉയർത്തി. അതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണ്.
നമ്മുടെ നാട്ടിലെ സാധാരണക്കാരായ കുട്ടികൾക്ക് സ്വപ്നം കാണാനും ലോകം മുഴുവൻ അവരെ ആദരവോടും അംഗീകരിക്കപ്പെടാനും കഴിയുമെന്നും പറയുന്ന വലിയ ഒരു സന്ദേശം കൂടി അദ്ദേഹത്തിന്റെ ജീവിതം നൽകുന്നുണ്ട്. പണമില്ലാത്തത് കൊണ്ട് അല്ലെങ്കിൽ സാമ്പത്തികമായ ബുദ്ധിമുട്ട് ഉള്ള ഒരാൾക്ക് ബിസ്സിനെസ്സ് ചെയ്താൽ മാത്രമേ വലിയ കോടികൾ നേടാൻ സാധിക്കുകയുള്ളു എന്നത് നമ്മുടെ തെറ്റിദ്ധാരണയാണെന്നും ആത്മാർത്ഥമായും സത്യസന്ധമായും ജോലി ചെയ്താൽ ചെയ്യുന്ന ജോലിയിൽ നിന്ന് തന്നെ കോടികൾ വരുമാനം നേടാൻ കഴിയുമെന്നും കാണിച്ച് തന്നയാളാണ് സുന്ദർ പിച്ചൈ എന്ന മനുഷ്യൻ.
Read More: റിമോട്ട് കൺട്രോൾ ഗേറ്റിനിടയില്‍ കുടുങ്ങി, നാലാം ക്ലാസുകാരന് ദാരുണാന്ത്യം